Mon Mar 30, 2026 3:44 am
FLASH
X
booked.net

ജനങ്ങളുടെ എക്കാലത്തെയും വലിയ എംഎൽഎ ആയിരുന്ന കാട്ടായിക്കോണം ശ്രീധറിന്റെ ഓർമ്മകൾക്ക് 32 ആണ്ട്

Web Desk March 29, 2026

തിരുവനന്തപുരം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജന്മം നൽകുവാൻ പ്രയത്നിച്ചവരിൽ പ്രധാനിയായിരുന്ന കമ്മ്യൂണിസ്റ്റ് ആചാര്യൻ കാട്ടായിക്കോണത്തിന്റെ വേർപാടിന് ഇന്ന് 32 വർഷം ആകുന്നു .1994 മാർച്ച് മാസം 29 നാണ് അദ്ദേഹം അന്തരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കമ്മ്യൂണിസ്റ്റുകാരുടെയും കമ്മ്യൂണിസ്റ്റ് ആയിരുന്നു കാട്ടായിക്കോണം എന്ന് നാടും നാട്ടുകാരും ജനങ്ങളും വിളിച്ചിരുന്ന വി ശ്രീധർ . തെക്കൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് കാട്ടായിക്കോണം വി ശ്രീധർ.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായും , പാർട്ടി പിളർപ്പിന് ശേഷം 1964 മുതൽ 1991 വരെ ദീർഘകാലം സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായും കാട്ടായിക്കോണം പ്രവർത്തിച്ചു.

തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്തെ സാധാരണ കുടുംബത്തിൽ ജനിച്ച് ജില്ലയിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റുകാരനായി, ജില്ലയിലെ നേതാക്കളിൽ ഒന്നാമനായി വളർന്ന്, ഒന്നാമനായി വിലസിത്തന്നെ വിടപറഞ്ഞ രാഷ്ട്രീയ നേതാവാണ് കാട്ടായിക്കോണം വി ശ്രീധർ എന്ന കമ്മ്യൂണിസ്റ്റ് പോരാളി . കെ പി കോസല രാമദാസിന്റെ രാജിയെത്തുടർന്ന് 1969ൽ നടന്ന ആറ്റിങ്ങൽ ഉപതിരഞ്ഞെടുപ്പിൽ 1300 നിർണായക വോട്ടുകൾക്ക് വിജയിച്ച കാട്ടായിക്കോണം നേരത്തെ കഴക്കൂട്ടത്തു നിന്നും എംഎൽഎ ആയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഏറെ ത്യാഗം സഹിച്ചിട്ടുള്ള നേതാക്കളിൽ പ്രമുഖനാണ് കാട്ടായിക്കോണം വി ശ്രീധർ .

കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്ന കാലത്ത് കാട്ടായിക്കോണത്തിന്റെ തലയ്ക്ക് പോലീസ് വില പറഞ്ഞിരുന്നു. അദ്ദേഹത്തെ അന്വേഷിച്ച് പോലീസ് രാവും പകലും പരക്കം പായുന്ന കാലമാണത് . അപ്പോൾ ഒരു ദിവസം പാതിരാത്രിയിൽ കാട്ടായിക്കോണം ശ്രീധർ ഏതോ വാഹനത്തിൽ കയറി ആലംകോട്ടെത്തി. അവിടെ ഇറങ്ങി കിളിമാനൂർ റോഡിലേക്ക് അദ്ദേഹം നടന്നു. ചിറയിൻകീഴ് താലൂക്കിലെ കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന, പിന്നീട് നഗരൂർ പഞ്ചായത്ത് പ്രസിഡണ്ട് ഒക്കെയായ നഗരൂർ ബാഹുലേയൻ എന്ന തന്റെ പ്രിയ സഖാവിനെ തേടിയാണ് കാട്ടായിക്കോണത്തിന്റെ കൂരിരുട്ടത്തെ നടത്തം .


പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്ന് കാട്ടായിക്കോണത്തിന്റെ അടുത്തു നിന്നു . കാഴ്ചയിൽ ഒരു കൂലി വേലക്കാരന്റെ വേഷത്തിലും ഭാവത്തിലും ആയിരുന്നു ശ്രീധർ . എവിടെ പോകുന്നു എന്ന് പോലീസുകാർ ശ്രീധറിനോട് ചോദിച്ചു . നാളെ പണിയുണ്ട് , പുലരുമ്പോൾ കിളിമാനൂരിൽ എത്തണം. അതിനുവേണ്ടി നടക്കുകയാണ്. ആ മറുപടി കേട്ട് പോലീസുകാർ അത് വിശ്വസിച്ച് ജീപ്പ് വിട്ടു പോയി. കാട്ടായിക്കോണം നടന്ന് ബാഹുലേയന്റെ വീട്ടിലെത്തി.അവിടെ ഒളിവിൽ ഇരിക്കുമ്പോൾ കാട്ടായിക്കോണത്തെ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തു എന്നത് ചരിത്രം . തുടർന്ന് അദ്ദേഹം ഏറെ നാൾ ജയിലിൽ കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനെയും പേരെടുത്ത് വിളിക്കാൻ കഴിവും മനസ്സുമുള്ള ഉത്തമനായ കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു കാട്ടായിക്കോണം എന്ന ജനനായകൻ……..