Wed Feb 11, 2026 5:58 am
FLASH
X
booked.net

തുല്യതയുടെയും സാമൂഹ്യ നീതിയുടെയും കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല ബഹുദൂരം മുന്നിൽ: മന്ത്രി ആർ.ബിന്ദു

Kerala / News February 10, 2026

ജിയോ ടെക്നിക്കൽ റിസർച്ച് & ടെസ്റ്റിംഗ് സെൻ്റർ ഉദ്ഘാടനവും മെൻസ് ഹോസ്റ്റലിൻ്റെ ശിലാസ്ഥാപനവും നിർവഹിച്ചു

തുല്യതയുടെയും സാമൂഹ്യ നീതിയുടെയും കാര്യത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല ബഹുദൂരം മുന്നിലാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രത്തിൽ ജിയോ ടെക്നിക്കൽ റിസർച്ചിന്റേയും ടെസ്റ്റിംഗ് സെൻ്ററിൻ്റെയും ഉദ്ഘാടനവും പുതിയ മെൻസ് ഹോസ്റ്റലിൻ്റെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹയർ എഡ്യൂക്കേഷൻ സർവേ പ്രകാരം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികൾക്ക് ആനുപാതികമായി കലാലയങ്ങളും അധ്യാപകരും കേരളത്തിലുണ്ട്. ഗവേഷണ മേഖല ശക്തിപ്പെടുത്തുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. നിലവിൽ പത്തിലേറെ സെൻ്റർ ഓഫ് എക്സലൻസ് ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ട്. ഗവേഷണ വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനാണ് ഈ സ്ഥാപനങ്ങൾ. കൂടുതൽ പേരെ ഗവേഷണ മേഖലയിലേക്ക് കൊണ്ടുവന്ന് നാടിനാവശ്യമായ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും ലഭ്യമാക്കാൻ റിസർച്ച് ഇൻഫ്രാസ്ട്രക്ചർ വികസനം സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു ലക്ഷം രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും മറ്റ് ഫെല്ലോഷിപ്പുകൾ ലഭ്യമല്ലാത്ത ഗവേഷകർക്ക് പ്രതിമാസം 15,000 രൂപയുടെ ഫെല്ലോഷിപ്പും നൽകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സി.ഇ.ടിക്ക് സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്നും സമൂഹത്തിന് ഉപകാരപ്രദമായ നൂതന ആശയങ്ങളുമായി വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

സംസ്ഥാനത്ത് ഒരു ലക്ഷം കോടിയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി വഴി നടപ്പിലാക്കിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. വിവിധ മേഖലകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയെന്നും ഇതിലൂടെ ഒരു നവകേരള നിർമ്മിതിയെന്ന യജ്ഞത്തിലാണ് സർക്കാരെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം കിഫ്ബി വഴി നടപ്പിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 11 കോടി ചെലവിലാണ് ജിയോ ടെക്നിക്കൽ റിസർച്ച് ആൻ്റ് ടെസ്റ്റിംഗ് സെൻ്റർ പൂർത്തീകരിച്ചത്. സെല്ലാർ ഉൾപ്പെടെ അഞ്ച് നിലകളിലായി 7960 ചതുരശ്ര മീറ്ററാണ് വിസ്തീർണ്ണം. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല.

കിഫ്ബി ഫണ്ടിൽ നിന്ന് 17 കോടി 58 ലക്ഷം രൂപ ചെലവിൽ 3000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 150 വിദ്യാർത്ഥികൾക്ക് താമസ സൗകര്യമുള്ള പുതിയ മെൻസ് ഹോസ്റ്റലാണ് നിർമ്മിക്കുന്നത്. കോളേജ് ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പാങ്ങപ്പാറ വാർഡ് കൗൺസിലർ ദീപ സുരേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.ജയപ്രകാശ്. പി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ മുത്തുകുമാർ, പ്രിൻസിപ്പൽ ഡോ.സുരേഷ്.കെ തുടങ്ങിയവർ പങ്കെടുത്തു.