Tue Aug 04, 2026 10:07 pm
FLASH
X

ഔട്ടർ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നൽകണം എന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് , ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കുമെന്നും മന്ത്രി

HOME / Kerala February 6, 2026

നടപടികൾ വേഗത്തിൽ ആക്കി ഔട്ടർ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നൽകണം എന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വി.ജോയി എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്.

മറുപടിയുടെ പൂര്‍ണ്ണരൂപം

കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയ സർക്കാരാണ് ldf സർക്കാർ. അതിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നത്തോടെ കേരളത്തിൽ പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ സാധ്യമാകാൻ പോകുന്ന വികസന വിപ്ലവം മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോടെ ആവിഷ്കരിച്ച പദ്ധതി ആണ് വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡ്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കു നീക്കം വേഗത്തിലാക്കാനും അതിന്റെ ഭാഗമായി സാധ്യമാക്കാൻ ഇടയുള്ള വ്യവസായ – വ്യാപാര മുന്നേറ്റങ്ങൾക്ക് വേഗം പകരാനും ഉള്ള പദ്ധതി എന്ന നിലയിൽ ആണ് ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള ldf സർക്കാർ ഈ പദ്ധതിയെ സമീപിച്ചത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് മുന്നിൽ പദ്ധതി നിർദേശം മുന്നോട്ടുവെക്കുകയും ഔട്ടർ റിംഗ് റോഡ് ദേശീയപാത പദ്ധതിയായി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. 28.04.2018-ല്‍ ബഹു. മുഖ്യമന്ത്രി, ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നതിനു തത്വത്തിൽ തീരുമാനിച്ചു. കേന്ദ്രം ആവശ്യപ്പെട്ടത് അനുസരിച്ച് സംസ്ഥാനത്തിന്റെ ധനപരമായ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചു. പദ്ധതിക്ക് കേന്ദ്രഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിന് തുടർന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തികൊണ്ടിരുന്നു. കേരളത്തിന്റെ തുടർച്ചയായ ആവശ്യം അംഗീകരിച്ച് nhai, അലൈൻമെന്റിന് അന്തിമ രൂപം നൽകി.

ഇതേ തുടർന്ന് സംസ്ഥാനത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനം എടുത്തു. നാവായിക്കുളം മുതൽ വിഴിഞ്ഞം വരെ സർവീസ് റോഡുകൾ ഉൾപ്പെടെ 45 മീറ്റർ വീതിയിൽ ഔട്ടർ റിംഗ് റോഡ് വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ 50% തുകയും സർവീസ് റോഡുകളുടെ നിർമ്മാണത്തുകയും പൂർണമായും സംസ്ഥാനം ഏറ്റെടുത്തു. കൂടാതെ നിര്‍മ്മാണ വസ്തുക്കളുടെ ചരക്കുസേവന നികുതി, റോയൽറ്റി എന്നിവയിൽ നിന്നുള്ള വരുമാനം സംസ്ഥാന സർക്കാർ അധിക ബാധ്യത ആയി ഏറ്റെടുക്കുകയും ചെയ്തു. ഏകദേശം 1629.24 കോടി രൂപ ബാധ്യത വരുന്ന പാക്കേജ് ആണ് സംസ്ഥാനം അംഗീകരിച്ചത്. ഈ വ്യവസ്ഥകൾ ഉൾപ്പെട്ട ധനകാര്യ പങ്കാളിത്ത ഉടമ്പടി ഒപ്പ് വയ്ക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചെങ്കിലും ഇപ്പോഴും കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. 2024 ഡിസംബറിലും 2025 ജൂണിലും ഒക്ടോബറിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് സന്ദർശിച്ച് ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് അനുമതി ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിരുന്നു. അനുമതി നൽകുമെന്ന ഉറപ്പും കേന്ദ്ര മന്ത്രി നൽകിയിരുന്നു.

ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥ തലത്തിലും ചർച്ചകൾ നടത്തി വരുന്നുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കത്ത് അയക്കുകയും അനുമതി കാര്യം ഓർമപ്പെടുത്തുകയും ചെയ്തു. എന്നാൽ സംസ്ഥാനത്ത് ദേശീയപാത 66 ൽ ചില ഭാഗങ്ങളിലുമുണ്ടായ തകരാറുകൾ പരിഗണിച്ച്, ഔട്ടർ റിംഗ് റോഡിന്റെ അലൈൻമെന്റ് സംബന്ധിച്ച് വിദഗ്‌ധ ഏജൻസി മുഖേന വിശദമായ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്ന മറുപടി ആണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകിയത്. അപകടസാധ്യതയുള്ള ഉയർന്ന കട്ടിംഗ് (High Cutting) മേഖലകളിൽ ടണൽ ഉൾപ്പെടെയുള്ള അനുയോജ്യമായ പരിഹാരങ്ങൾ സാധ്യമാണോ എന്ന് പരിശോധിക്കാൻ M/s Frontier Geo Services Pvt. Ltd. നെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരുടെ റിപ്പോർട്ട്‌ കൂടി പരിശോധിച്ച് പരിഷ്ക്കരിച്ച ഡി പി ആർ ഫെബ്രുവരിയോടെ സമർപ്പിക്കും എന്നും മറുപടി നൽകിയിട്ടുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കേന്ദ്രവനം പരിസ്ഥിതി മന്ത്രായലയത്തിൽ നിന്ന് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.പദ്ധതിക്ക് അന്തിമ അനുമതി നൽകുന്നത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പരിഗണയിൽ ആണ് എന്നും, മുൻഗണന ക്രമവും ഫണ്ട് ലഭ്യതയും പരിഗണിച്ച് അനുമതി ലഭ്യമാക്കുന്നതാണ് എന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. നടപടികൾ വേഗത്തിൽ ആക്കി ഔട്ടർ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നൽകണം എന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കും