Tue Aug 04, 2026 11:44 pm
FLASH
X

ആർ ശ്രീലേഖയുടെ ഓഫീസ് വിവാദം ശുപാർശയടക്കം റിപ്പോർട്ട് തേടി തദ്ദേശ സ്വയം ഭരണ വകുപ്പ്

HOME / Kerala January 29, 2026

തിരുവനന്തപുരം : കോർപ്പറേഷൻ്റെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തിൽ കോർപ്പറേഷൻ കൗൺസിലിന്റെയോ സെക്രട്ടറിയുടെയോ അനുമതി വാങ്ങുന്നതിന് മുമ്പ് കൗൺസിലറുടെ ഓഫീസ് സ്വന്തം ഇഷ്ടപ്രകാരം തുറന്നതിലെ ചട്ടലംഘനം അടക്കം പരിശോധിക്കണമെന്ന പരാതിയിൽ ശുപാർശയടക്കം തദ്ദേശ സ്വയം ഭരണ വകുപ്പ് റിപ്പോർട്ട് തേടി.


ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ചീഫ് സെക്രട്ടറിയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത വിഷയത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് റിപ്പോർട്ട് തേടിയത്. തിരുവനന്തപുരം കോപ്പറേഷന്റെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുൻ ഡിജിപി കൂടിയായ ആർ ശ്രീലേഖ ശാസ്തമംഗലത്തെ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവേശിച്ച് തനിക്ക് കൗൺസിലർ ഓഫീസ് പ്രസ്തുത കെട്ടിടത്തിൽ ഉണ്ടെന്നും ഇവിടെ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കുവാനും ശ്രമം നടത്തി.


സംഭവം വിവാദമാവുകയും വളരെ തുച്ഛമായ വാടക കെട്ടിടത്തിലാണ് വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായ വിവരവും പുറത്ത് വന്നു. കോർപ്പറേഷൻ ആസ്ഥാനത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ കെട്ടിടത്തിൽ കൗൺസിലർമാർക്ക് ഓഫീസ് തുറക്കുന്നതിന് നിയമ തടസ്സങ്ങളില്ല. എന്നാൽ കോർപ്പറേഷൻ്റെ കൗൺസിൽ അംഗീകാരം നല്കുന്നതിന് മുമ്പും ഓഫീസ് അനുവദിക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് അപേക്ഷ നല്കാതെയും സ്വന്തം ഇഷ്ടപ്രകാരം ആർ ശ്രീലേഖ കോർപ്പറേഷൻ കെട്ടിടത്തിൽ ഓഫീസ് തുറക്കുകയായിരുന്നു.


കോർപ്പറേഷൻ കെട്ടിടത്തിൽ നിന്ന് എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കുവാൻ ആർ ശ്രീലേഖയെ കോർപ്പറേഷൻ ചുമതലപ്പെടുത്തിയിരുന്നില്ല. പ്രസ്തുത സാഹചര്യത്തിൽ എംഎൽഎ ഓഫീസിൽ കയറി ഓഫീസ് ഒഴിഞ്ഞ് തരണമെന്ന് നിർദ്ദേശിച്ചത് ചട്ടലംഘനമാണ് ഇത്തരം വിഷയങ്ങൾ ആർ ശ്രീലേഖയ്ക്കെതിരെ അഡ്വ. കുളത്തൂർ ജയ്സിങ് പരാതിയിൽ ചൂണ്ടികാണിക്കുമ്പോഴും കോർപ്പറേഷൻ കെട്ടിടത്തിൽ രഹസ്യ വാടക കരാറിന്റെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്ക് ഓഫീസ് തുടങ്ങുവാൻ അനുവദിച്ച നടപടിയിലും ചട്ടലംഘനമുണ്ടെന്ന് പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. കോർപ്പറേഷന് വരുമാനം ലഭിക്കുന്നതിനാണ് കെട്ടിടങ്ങൾ വാടകയ്ക്ക് നല്കുന്നത്. കെട്ടിടത്തിലെ റൂമുകൾ വാടകയ്ക്ക് നല്കുന്നത് രഹസ്യ കരാറിന്റെ അടിസ്ഥാനത്തിൽ ആകരുത്. മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള വാടക കരാർ മുഖേന മാത്രമേ റൂമുകൾ വാടകയ്ക്ക് നല്കാവൂവെന്ന നിർദേശം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സർക്കാർ അടിയന്തരമായി നല്കണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ ശ്രീലേഖയുടെയും വി കെ പ്രശാന്ത് എംഎൽഎയുടെയും ഓഫീസ് സംബന്ധിച്ച് വിവാദത്തിന്റെ അടിസ്ഥാനത്തിൽ അഡ്വ. കുളത്തൂർ ജയ്സിങ് നല്കിയ പരാതിയിൽ അന്വേഷണത്തിനോടൊപ്പം ശുപാർശ ഉൾപ്പെടുന്ന റിപ്പോർട്ടും സർക്കാർ ഇപ്പോൾ തേടിയിരിക്കുന്നത്. ഓഫീസ് വിവാദം സംസ്ഥാനതലത്തിൽ ചർച്ചയായതോടെ മാർച്ച് വരെ കരാർ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന വി കെ പ്രശാന്ത് കോർപ്പറേഷൻ കെട്ടിടത്തിൽ നിന്നും ഓഫീസ് ദിവസങ്ങൾക്ക് മുമ്പ് സ്വയം ഒഴിഞ്ഞിരുന്നു.