അബുദാബി: തിരുവനന്തപുരത്തുകാരുടെ സാംസ്‌കാരിക സംഘടനയായ അനോര ഗ്ലോബൽ അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി.”ഓണം വരുമ്പോൾ മാവേലി വരും, ഓർമ്മകളിൽ പച്ചപ്പും, മനസ്സുകളിൽ ഏകത്വത്തിന്റെ തിരുമുറ്റവും വിരിയും” – അത്തരമൊരു നാട്ടിൻ പിറപ്പിന്റെ ചൂടോടെ ആയിരുന്നു ഇത്തവണത്തെ ആഘോഷം.
മാവേലി എഴുന്നള്ളത്തോടെയും താലപ്പൊലിയും ചെണ്ടമേളവുമായി നടത്തിയ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. നാട്ടിൽ നിന്ന് ആയിരങ്ങൾ കിലോമീറ്റർ അകലെ ആയാലും, ഓണപ്പെരുന്നാളിന്റെ വർണ്ണമാലയും ഓണസദ്യയുടെ സുഗന്ധവും പ്രവാസി മനസ്സുകളിൽ സ്മരണകളുടെ ഒരു പൂക്കാലമായി മാറി.

അറുപത് വർഷത്തിലേറെയായി അബുദാബിയുടെ ആരോഗ്യ മേഖലയെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. ജോർജ്ജ് മാത്യുവിനെ അനോര വേദിയിൽ പൊന്നാടയണിയിച്ച് ഷീൽഡും നൽകി ആദരിച്ചു. യുഎഇ പൗരത്വം ലഭിക്കുകയും രാജ്യത്തെ ഒരു റോഡിന് സ്വന്തം നാമം ലഭിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകിച്ച് അനുസ്മരിച്ചു.
ആഘോഷ വേദിയിൽ മലയാള സിനിമയിലെ പ്രിയതാരമായ നന്ദു, പ്രശസ്ത വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ. ബി. ആർ. ഷെട്ടി, അൽ സാബി ഗ്രൂപ്പ് ചെയർമാൻ വിജയൻ, ശ്രീ വിമൽ വിജയൻ, റാക്കോ ഗ്രൂപ്പ് ചെയർമാനും അനോര പ്രസിഡന്റുമായ ശ്രീ ജയപ്രകാശൻ എന്നിവരെയും അനോര ആദരിച്ചു.
അനോരയുടെ എല്ലാ പരിപാടികൾക്കും അകമഴിഞ്ഞ് കൂടെ നിന്ന സ്പോൺസർമാർക്ക് പ്രത്യേകമായി നന്ദിയും ആദരവും അർപ്പിച്ചു. അവരുടെ പിന്തുണ അനോരയുടെ പ്രവർത്തനങ്ങൾക്ക് സുസ്ഥിരതയും പ്രചോതനവുമാകുമമെന്ന് സംഘടന അഭിപ്രായപ്പെട്ടു . സഹകരിച്ച എല്ലാ സ്പോൺസർമാർക്ക് മൊമെന്റോ നൽകി ആദരിക്കൽ ചടങ്ങിന്റെ മറ്റൊരു ഹൈലൈറ്റായി.
അനോര അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര നാട്ടിൻപുറത്തിന്റെ കലാരൂപങ്ങളെ പ്രവാസനഗരത്തിൽ തന്നെ ആവർത്തിച്ച് പ്രേക്ഷകഹൃദയം കീഴടക്കി. അതിനൊപ്പം ഒരുക്കിയ കൂറ്റൻ അത്തപൂക്കളം വേദിയിൽ എത്തിയവർക്കൊരു വർണ്ണപ്പൂക്കാലം സമ്മാനിച്ചു. പൂക്കളത്തിലെ പൂവിതളുകൾ പോലെ വൈവിധ്യമാർന്നവർ ഒന്നിച്ചുചേർന്നപ്പോൾ, ഓണത്തിന്റെ സൗന്ദര്യം പ്രവാസത്തിൽ ഒരിക്കൽ കൂടി മനോഹര കാഴ്ചവിരുന്ന് വിരിഞ്ഞു.

ഓണാഘോഷത്തിന്റെ കലാപരിപാടികൾക്ക് ശ്രീമതി ലേഖ അജയ്യും സംഘവും അവതരിപ്പിച്ച ബുള്ളറ്റ്സ് മ്യൂസിക് ഷോ അക്ഷരാർത്തത്തിൽ അരങ്ങ് തകർത്തു. നിറഞ്ഞ മനോഹാരിതയോടെ അരങ്ങേറിയ നൃത്ത പരിപാടികളും നാട്ടിൻ പുറത്തിന്റെ ഓർമ്മകൾ പകരുന്ന ഗാനങ്ങളും വേദി നിറച്ചു.”ഓണപ്പാട്ടിൻ രാഗവും, നൃത്തത്തിൻ ചിറകുകളും ചേർന്നപ്പോൾ വേദി ഒരു കലാമണ്ഡപമായി മാറി.”
ആഘോഷത്തിന് അവസാനം സമൃദ്ധമായ തിരുവനന്തപുരം സദ്യ മലയാളികളുടെ ഓണാനുഭവം പൂർണ്ണമാക്കി. ചോറിനൊപ്പം പങ്കുവെച്ച സന്തോഷവും, പായസത്തിൽ കലർന്ന സ്നേഹവും, തിരുവനന്തപുരം ബോളിയും പരിപാടിയെ ഒരു കുടുംബോത്സവമായി ഉയർത്തി.
അനോര ഗ്ലോബലിന്റെ ഓണാഘോഷം, “ഓണത്തിൻ പൂമാലയിൽ ഒന്നിച്ചുചേർന്ന പ്രവാസികളുടെ ഹൃദയസ്പന്ദനം” ആയിത്തീർന്നു. നാട്ടിൻ പുറത്തിന്റെ സ്മരണകളെ പുതുക്കിയും പ്രവാസജീവിതത്തിന് നിറം പകരുകയും ചെയ്ത ഈ ആഘോഷം, പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി.