തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ അനെസി അനിമേഷന്‍ ചലച്ചിത്രമേളയില്‍നിന്നുള്ള 18 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫ്രാന്‍സിലെ അനെസിയില്‍ ആറര പതിറ്റാണ്ടുകാലമായി നടന്നുവരുന്ന അനിമേഷന്‍ സിനിമയുടെ ലോകത്തെ ഏറ്റവും വലിയ മേളയായ അനെസി ഇന്റര്‍നാഷണല്‍ അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രദര്‍ശിപ്പിച്ച മികച്ച ചിത്രങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ബെസ്റ്റ് ഓഫ് അനെസി’ എന്ന വിഭാഗത്തില്‍ മേളയിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘അനെസി കിഡ്‌സ്’ എന്ന വിഭാഗത്തില്‍ കുട്ടികള്‍ക്കുള്ള പ്രമേയങ്ങള്‍ ഉള്‍പ്പെടുന്ന 10 അനിമേഷന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ഇറാന്‍, ബ്രസീല്‍, ഫ്രാന്‍സ്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ബെസ്റ്റ് ഓഫ് അനെസി എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഹംഗേറിയന്‍ പിയാനിസ്റ്റ് ഫ്രാന്‍സ് ലിസ്റ്റിന്റെ ശാസ്ത്രീയരീതികള്‍ ധിക്കരിച്ചുകൊണ്ടുള്ള ബുഡാപെസ്റ്റ് ഓപ്പറ ഹൗസിലെ പ്രകടനം അവതരിപ്പിക്കുന്ന വര്‍ച്യുസോ, പൊടുന്നനെ ഒരു പക്ഷിയായി രൂപാന്തരം പ്രാപിക്കുന്ന നഴ്‌സിംഗ് ഹോമിലെ ഒരു മുതിര്‍ന്ന മനുഷ്യന്റെ കഥ പറയുന്ന മര്‍മ്മറേഷന്‍, യുദ്ധത്തിനിടയിലെ പ്രണയകഥ പറയുന്ന അറ്റ് നൈറ്റ്, പുരാതന ഗ്രീക്ക് കവി സാഫോയുടെ ജീവിതവും കൃതികളും അവതരിപ്പിക്കുന്ന സാഫോ, നിയന്ത്രണം വിട്ട ഒരു പാര്‍ട്ടിയില്‍ ഒത്തുകൂടുന്ന മൂന്നു സുഹൃത്തുക്കളുടെ അനുഭവങ്ങളിലൂടെ കടന്നുപോവുന്ന നെയ്വ്, ന്യൂ ബീറ്റേഴ്‌സ്, സ്റ്റാര്‍ ഫെമിനൈന്‍ ബാന്‍ഡ് യെ കൗ സി കുവോ, ദു$ഖിതമായ ഒരു പെണ്‍കുട്ടിയുടെ ജീവിതം പകര്‍ത്തുന്ന ദ ഗേള്‍സ ഹു ക്രൈഡ് പേള്‍സ്, ടെസ്സ വിളിച്ചതിനനുസരിച്ച് അവളെ കാണാനിറങ്ങി നഗരത്തില്‍ വഴിതെറ്റുന്ന ക്‌ളെമന്റിന്റെ അവസ്ഥ അവതരിപ്പിക്കുന്ന ബിറ്റ്വീന്‍ ദ ഗ്യാപ്‌സ്, വിചിത്രജീവികളെ വിളിച്ചു വരുത്തുന്ന, മാന്ത്രികത്താക്കോല്‍ കൈയിലുള്ള മുയലിന്റെ കഥ പറയുന്ന ലെസ് ബെറ്റസ് എന്നിവയാണ് ബെസ്റ്റ് ഓഫ് അനെസി എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഫ്രാന്‍സ്, യു.കെ, ലക്‌സംബര്‍ഗ്, ബ്രസീല്‍, ബെല്‍ജിയം, കാനഡ, ജര്‍മ്മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 10 ചിത്രങ്ങളാണ് അനെസി കിഡ്‌സ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രകമ്പളം നെയ്യുന്ന ഒരു വൃദ്ധയുടെ ജീവിതം പകര്‍ത്തുന്ന ഫാള്‍ ഈസ് എഗെയ്ന്‍, കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍നിന്ന് ഭാവനാത്മകമായ ഒരു ഗെയിം ഉണ്ടാക്കുന്ന പന്നിക്കുട്ടികളുടെ കഥ പറയുന്ന കാര്‍ഡ് ബോര്‍ഡ്, മാന്ത്രികപ്പൂവ് തേടി പുനര്‍ജന്മത്തിലെ ഉദ്യാനത്തിലേക്ക് യാത്ര തിരിക്കുന്ന പൂച്ചയെ അവതരിപ്പിക്കുന്ന എ വാക്ക് ഇന്‍ റ്റു ദ ആഫ്റ്റര്‍ ലൈഫ്, അര്‍ധരാത്രിയില്‍ കാടിന്റെ നടുവിലത്തെുന്ന കുട്ടിയുടെ അനുഭവങ്ങള്‍ അവതരിപ്പിക്കുന്ന ദ നൈറ്റ് ബൂട്ട്‌സ്, പ്രോക്‌സിമ ഗ്രഹത്തിലത്തെുന്ന ബഹിരാകാശ സഞ്ചാരിയെ അവതരിപ്പിക്കുന്ന ബിഗ് ലിസാര്‍ഡ്: ദ സീ മെറ്റീയോറൈറ്റ് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.