യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം താൽക്കാലികമായി അവസാനിച്ചു. ഇരു രാജ്യങ്ങളും പരസ്പരം ചുമത്തിയ വ്യാപാരക്കരാർ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ യു.എസും, ചൈനയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. ഇതോടെ 2025 മെയ് 14 മുതൽ ചൈനീസ് ഉല്പന്നങ്ങൾക്ക് യു.എസ് ചുമത്തിയ 145% തീരുവ 30% എന്ന തോതിൽ താഴും. ചൈന യു.എസ് ഉല്പന്നങ്ങൾക്ക് മേൽ ചുമത്തിയ 125% തീരുവ 10% ആയി കുറയും. മെയ് 14 മുതൽ 90 ദിവസത്തേക്കാണ് പുതിയ തീരുവകൾ പ്രാബല്യത്തിൽ വരുന്നത്.ലോകത്തെ വലിയ രണ്ട് സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം മയപ്പെട്ടത് ലോകമെങ്ങുമുള്ള ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഇന്ത്യൻ വിപണിയും ഇന്ന് റെക്കോർഡ് നേട്ടമുണ്ടാക്കി. സ്കോട്ട് ബെസന്റ്, ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ്ങും തമ്മിൽ ഭാവി ചർച്ചകൾ നടത്താനും ധാരണയായി.
2018ൽ ഇത്തരത്തിൽ ചർച്ചകൾ നടത്താൻ യു.എസും, ചൈനയും ധാരണയായിരുന്നു. എന്നാൽ പിന്നീട് യു.എസ് പിന്നോട്ടു പോവുകയുണ്ടായി. പിന്നീട് 18 മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് 2020 ജനുവരിയിലാണ് ട്രേഡ് ഡീലിന്റെ ആദ്യ ഘട്ടം നടപ്പാക്കാനായത്. പിന്നീട് കോവിഡ് വന്നതോടെ ഈ കരാർ പിന്തുടരാൻ ചൈനയ്ക്ക് സാധിക്കാതെ വന്നു.ഇതേ സമയം യു.എസ് ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമമായത് യു.എസ് ഡോളറിന്റെ കുതിപ്പിന് കാരണമായി. അതേ സമയം സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്ന സ്വർണ്ണത്തിന് തിരിച്ചടി നേരിട്ടു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3.20% വരെ വിലയിൽ ഇടിവുണ്ടായി.