പതിനാലുകാരൻ്റ വെടിക്കെട്ടിന് മുന്നിൽ അടിപതറി മുൻ ചമ്പ്യാന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വൈഭവ് സൂര്യവംശി സിക്സർ വെടിക്കെട്ട് നടത്തിയതിലൂടെ കൂളായിട്ടാണ് രാജസ്ഥാൻ വിജയലക്ഷ്യമായ 210 റൺസ് മറികടന്നത്. അതും വെറും 2 വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ 14 കാരനായ വൈഭവ് സൂര്യവംശി മിന്നും പ്രകടനമാണ് ഇന്നലെ കാഴ്‌ചവച്ചത്. 11 സിക്സറും ഏഴ് ഫോറുകളും അടക്കം 101 റണ്‍സ് നേടുകയായിരുന്നു വൈഭവ്. താരം അര്‍ധ സെഞ്ച്വറി തികച്ചത് 17 പന്തിലായിരുന്നു. പിന്നീടുള്ള 18 പന്തില്‍ അടുത്ത 50 റണ്‍സ് കൂടി നേടുകയായിരുന്നു. അതുപോലെ ജയ്സ്വാള്‍ 40 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറും അടക്കം 70 റണ്‍സ് നേടി.

ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും തുടക്കം മുതല്‍ ഗുജറാത്തിനെതിരെ വൻ ആക്രമണമായിരുന്നു നടത്തിയത്. ഇതിനിടയിൽ രണ്ടാം ഓവറില്‍ ജയ്‌സ്വാളിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബട്‌ലര്‍ കൈവിട്ടു കളഞ്ഞത് ഗുജറാത്തിന് വലിയ ആഘാതമായി. ഇഷാന്ത് ശര്‍മ്മയ്‌ക്കെതിരെ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും സഹിതം വൈഭവ് 28 റണ്‍സാണ് നാലാം ഓവറില്‍ നേടിയത്. ഇതിനിടയിൽ വൈഭവിനെ 38 പന്തിൽ 101 റൺസിന് പ്രസീദ് കൃഷ്ണ പുറത്താക്കിയതോടെ ഗുജറാത്തിന് ആശ്വാസമായി.