Fri Sep 18, 2026 4:19 pm
FLASH
X

നഴ്‌സിങ് വിദ്യാര്‍ഥിനി ആന്‍സിജിയുടെ മരണം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Kerala / Latest News August 20, 2026

വെള്ളറട: ബെത്‌ലഹേം സ്വകാര്യ നഴ്‌സിങ് കോളജ് കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ആന്‍സിജി മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഷീജയെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ തക്കല എരണി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒളിവില്‍പോയ പ്രിന്‍സിപ്പലിനെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ഹൊസൂരില്‍നിന്നാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നെയ്യാറ്റിന്‍കര കത്തിപ്പാറ സ്വദേശിനിയായ ആന്‍സിജി (21) കോളജ് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്രൂരമായ മാനസിക പീഡനം
കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന പേരില്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയതായി വ്യക്തമാക്കുന്ന ആന്‍സിജിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് പരസ്യമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു. പകപോക്കലെന്ന് പരാതി നേരത്തെ കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം നല്‍കിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളോട് കോളജ് മാനേജ്‌മെന്റ് നിരന്തരം പ്രതികാരബുദ്ധിയോടെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് നിസ്സാര കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പെണ്‍കുട്ടിയെ വേട്ടയാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആന്‍സിജിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കരുങ്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് മറ്റു ആറ് അധ്യാപകരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിവരികയാണ്. അതിനിടെ, വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണക്കാരായ മാനേജ്‌മെന്റിലെ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന പ്രതിഷേധവും ശക്തമാകുകയാണ്.