Wed Oct 14, 2026 12:25 pm
X

നിതിൻ രാജിന്റെ മരണം: കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

Kerala / Latest News August 8, 2026

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിയോഗിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് തിരുവനന്തപുരത്തെത്തിയത്.

നിതിന്റെ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മൊഴിയാണ് സംഘം രേഖപ്പെടുത്തുക. കേസിലെ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

റാമിനെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതി വിട്ടയച്ച സംഭവത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിൽ മാറ്റം വരുത്തിയത്. ക്രൈംബ്രാഞ്ച് ഐ.ജി. അജിത ബീഗത്തിനാണ് അന്വേഷണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.