Sat Aug 08, 2026 1:44 pm
FLASH
X

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala / Latest News / National August 8, 2026

ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ ദിശാസൂചിക ബോർഡിന്റെ തൂണിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ കോഴിക്കോട് കോവൂർ സ്വദേശി കണ്ടക്ടർ അരുൺ എൻ.എം യും കോഴിക്കോട് വെള്ളയിൽ സ്വദേശി ഡ്രൈവർ മിഥിലേഷും ഉൾപ്പെടുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.

അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്.

പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. അപകടവിവരമറിഞ്ഞ് കോഴിക്കോട് ഡിപ്പോയിൽനിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 9.30ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസായിരുന്നു അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് ദൃക്‌സാക്ഷികളുടെ പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ബത്തേരി ഡിടിഒയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും.