ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയുമായുള്ള വിവാഹബന്ധം തുടരാനാണ് ഭാര്യ സംഗീതയുടെ പുതിയ തീരുമാനം. വിജയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കുമെന്ന് സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി കേസ് തീർപ്പാക്കി. നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടന്നത്.
1998-ൽ യുകെയിൽ രജിസ്റ്റർ ചെയ്ത വിവാഹത്തിന് പിന്നാലെ, 1999-ൽ ചെന്നൈയിൽ മതാചാരപ്രകാരവും വിജയും സംഗീതയും വിവാഹിതരായിരുന്നു. രണ്ട് മക്കളാണ് ഇവർക്കുള്ളത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവരുടെ ദാമ്പത്യജീവിതം സംബന്ധിച്ച വാർത്തകൾ വലിയ ചർച്ചയായിരുന്നു. കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നുവെന്ന റിപ്പോർട്ടുകൾ ഇതിനുമുമ്പ് പുറത്തുവന്നിരുന്നു. കൂടാതെ, വിവാഹമോചന ഹർജി കോടതിക്ക് പുറത്തുതന്നെ ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങളും നടന്നുവെന്ന തരത്തിൽ വിവിധ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
സംഗീത ഹർജി പിൻവലിച്ചതോടെ, വിജയുടെയും കുടുംബത്തിന്റെയും ഭാവി സംബന്ധിച്ച് ഉയർന്നിരുന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്. ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഈ തീരുമാനം വ്യാപകമായി ചർച്ചയാകുകയാണ്.



