തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് കുറയ്ക്കാൻ കേരളത്തിലേക്കും തിരിച്ചും 112 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേയുടെ 54 സർവീസുകളും വിവിധ റെയിൽവേ സോണുകളുടെ 58 സർവീസുകളും ഉൾപ്പെടുന്നതാണ് ഈ പ്രത്യേക ക്രമീകരണം. ഓണക്കാലത്ത് നാട്ടിലെത്താൻ ഒരുങ്ങുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ചെന്നൈ സെൻട്രൽ, താംബരം, ചെന്നൈ എഗ്മോർ, മംഗളൂരു സെൻട്രൽ എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. ഇതോടെ തമിഴ്നാട്ടിലും കർണാടകയിലുമുള്ള മലയാളികൾക്ക് നാട്ടിലെത്തുന്നത് കൂടുതൽ എളുപ്പമാകും.
ഇതിന് പുറമെ ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെർലപ്പള്ളി തുടങ്ങിയ നഗരങ്ങളിൽ നിന്നുമുള്ള പ്രത്യേക ട്രെയിനുകളും ഓണക്കാലത്ത് സർവീസ് നടത്തും. വിവിധ റൂട്ടുകളിലായി അധിക സർവീസുകൾ ഒരുക്കിയതോടെ ടിക്കറ്റിനായുള്ള കടുത്ത മത്സരത്തിനും വെയിറ്റിംഗ് ലിസ്റ്റിനും ഒരു പരിധിവരെ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
യാത്രക്കാർ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് റെയിൽവേ അധികൃതർ നിർദേശിക്കുന്നു. ഓണക്കാലത്ത് ആവശ്യകത വളരെ കൂടുതലായതിനാൽ സീറ്റുകൾ വേഗത്തിൽ നിറയാൻ സാധ്യതയുണ്ട്.



