തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (ഓഗസ്റ്റ് 7) നാളെയും (ഓഗസ്റ്റ് 8) മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് നിർദേശം.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങൾക്കൊപ്പം ലക്ഷദ്വീപ് പരിസര സമുദ്രം, കന്യാകുമാരി, പശ്ചിമ ബംഗാൾ, ഒഡിഷ, വടക്കൻ ആന്ധ്രപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥാ സാഹചര്യങ്ങൾ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സോമാലിയ തീരം, ഒമാൻ തീരം, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ, വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 7 മുതൽ 11 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 9 മുതൽ 11 വരെ ആൻഡമാൻ കടലിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്ന കടൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.



