Mon Aug 03, 2026 12:45 pm
FLASH
X

ഹോട്ടലുകൾ നടത്തുന്ന പകൽക്കൊള്ള

News / EDITORIAL / Videos August 3, 2026

ഒരു സാധനം… പക്ഷേ പല വില.ഇത് ചായയുടെ മാത്രം കഥയല്ല.ഊണ്, പൊറോട്ട, കാപ്പി, ബിരിയാണി, ജ്യൂസ്… എല്ലാറ്റിനും ഹോട്ടൽ മാറുമ്പോൾ വില മാറുന്നു.വില വ്യത്യാസം ഉണ്ടാകുന്നതിൽ തെറ്റില്ല. സ്ഥലവും നിലവാരവും ചെലവും മാറുമ്പോൾ വില മാറാം.പക്ഷേ ഒരു ചോദ്യം മാത്രം… ഈ വില ആരാണ് തീരുമാനിക്കുന്നത്?
കേരളത്തിൽ ഇന്ന് ഒരു ചായയ്ക്ക് പോലും ഓരോ ഹോട്ടലിലും ഓരോ വിലയാണ്. ഇത് ചായയുടെ മാത്രം കഥയുമല്ല. ഇഡ്ഡലി…വട…പൊറോട്ട…..ദോശ……ഊണ് ബിരിയാണി …. മന്തി…എല്ലാത്തിനും ഓരോ ഹോട്ടലിലും ഓരോ വില.

ഇത് കണ്ടാൽ സാധാരണക്കാരൻ ചോദിച്ചുപോകും. “ഈ വില നിശ്ചയിക്കുന്നത് ആരാണ്?” സർക്കാരാണോ?ഹോട്ടൽ ഉടമകളാണോ? അതോ ആരുടെയും നിയന്ത്രണമില്ലാത്ത ഒരു സംവിധാനമാണോ? ഇന്ന് നമ്മൾ സംസാരിക്കുന്നത് ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചല്ല. വിലയെക്കുറിച്ചാണ്.
ഉപഭോക്താവിന്റെ അവകാശത്തെക്കുറിച്ചാണ്. നിങ്ങൾ നൽകുന്ന ഓരോ രൂപയ്ക്കും കണക്ക് ചോദിക്കാനുള്ള അവകാശത്തെക്കുറിച്ചാണ്
.

തിരുവനന്തപുരം നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ നിന്ന് വാങ്ങിയ ഒരേ ഭക്ഷണത്തിന്റെ ബില്ലുകൾ പരിശോധിച്ചു . ആദ്യത്തെ ഹോട്ടൽ…
വഴുതക്കാടുള്ള ശ്രീ ഐശ്വര്യ ഹോട്ടൽ. ഒരു ചായയ്ക്ക് 18 രൂപ.ഒരു ഇഡ്ഡലിക്ക് 20 രൂപ.ഒരു വടയ്ക്ക് 20 രൂപ.മൂന്ന് ഇഡ്ഡലിയും…ഒരു വടയും…ഒരു ചായയും…ആകെ ബിൽ 98 രൂപ.
ലഭിച്ച ബില്ലിൽ ജി.എസ്.ടി. പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല. ഇനി രണ്ടാമത്തെ ഹോട്ടൽ…
ബേക്കറി ജംഗ്ഷനിലെ Mothers Plaza.ഒരു ഇഡ്ഡലിക്ക് 15 രൂപ.ഒരു ചായയ്ക്ക് 15 രൂപ. ഒരു വടയ്ക്ക് 15 രൂപ.അതേ ഭക്ഷണം.മൂന്ന് ഇഡ്ഡലി…ഒരു വട…ഒരു ചായ…
ജി.എസ്.ടി. ഉൾപ്പെടെ ആകെ ബിൽ 79 രൂപ.രണ്ട് ഹോട്ടലുകൾ തമ്മിലുള്ള വ്യത്യാസം…19 രൂപ. ഇനി മറ്റൊരു കാര്യം കൂടി. കൂടുതൽ വില ഈടാക്കിയ ആദ്യ ഹോട്ടലിൽ എയർ കണ്ടീഷനിംഗ് ഇല്ല.കുറഞ്ഞ വില ഈടാക്കിയ രണ്ടാമത്തെ ഹോട്ടൽ എയർ കണ്ടീഷൻ ചെയ്തതാണ്. ഇതിനേക്കാൾ വലിയ പകൽക്കൊള്ളയാണ് തിരുവനന്തപുരം തമ്പാനൂരിലെ ആര്യനിവാസിൽ. ഇവിടെ ഒരു ചായക്ക് വില 33 രൂപ. വടയ്ക്ക് 33 രൂപ. രണ്ടുപേർ കഴിച്ചിറങ്ങിയപ്പോൾ ആയത് 140 രൂപ!!

ഇവിടെ ചോദ്യം ഒന്നുമാത്രമാണ്. വിലയിൽ ഇത്ര വലിയ വ്യത്യാസം വരാൻ കാരണം എന്താണ്?ഉപഭോക്താവിന് അതിന്റെ വ്യക്തമായ വിശദീകരണം ലഭിക്കുന്നുണ്ടോ? ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു ഉപഭോക്താവിന്റെ അവകാശമാണ്.
കാരണം…ഭക്ഷണം വാങ്ങുന്നത് ഒരു ദാനമല്ല. നമ്മൾ പണം കൊടുത്താണ് വാങ്ങുന്നത്.
അതുകൊണ്ട് കൃത്യമായ വിവരങ്ങൾ അറിയാനുള്ള അവകാശവും നമുക്കുണ്ട്.
ഇനി ഈ വിഷയത്തിന്റെ മറ്റൊരു വശം നോക്കാം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ ഭക്ഷണവില ഉയരാൻ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്.

കോവിഡ് മഹാമാരിക്ക് ശേഷം. പച്ചക്കറികളുടെ വില ഉയർന്നപ്പോൾ.സവാളയുടെയും തക്കാളിയുടെയും വില കുതിച്ചുയർന്നപ്പോൾ.കോഴിയിറച്ചിയുടെ വില വർധിച്ചപ്പോൾ.
ഏറ്റവും പ്രധാനമായി… വാണിജ്യ പാചകവാതകത്തിന്റെ വില കുതിച്ചുയർന്നപ്പോൾ.
അസംസ്കൃത വസ്തുക്കളുടെ വില കൂടിയാൽ ഉൽപ്പന്നത്തിന്റെ വില വർധിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ…
ഇവിടെയാണ് ഉപഭോക്താവിന്റെ ചോദ്യം ആരംഭിക്കുന്നത്.
വില കൂടുമ്പോൾ അതിവേഗം മെനു മാറ്റുന്ന ഹോട്ടലുകൾ… വില കുറയുമ്പോൾ എന്തുകൊണ്ട് അതേ വേഗത്തിൽ മെനു മാറ്റുന്നില്ല?
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പച്ചക്കറികളുടെ വില ഉയർന്നപ്പോൾ പല സസ്യാഹാര ഹോട്ടലുകളും വില വർധിപ്പിച്ചു.പിന്നീട് തക്കാളിയുടെയും സവാളയുടെയും വില ഗണ്യമായി കുറഞ്ഞു. എന്നാൽ ആ കുറവ് ഭക്ഷണത്തിന്റെ വിലയിൽ എത്രത്തോളം പ്രതിഫലിച്ചു? വാണിജ്യ പാചകവാതക ക്ഷാമം രൂക്ഷമായ സമയത്ത് പല ഹോട്ടലുകളും ചായ മുതൽ ബിരിയാണി വരെ വില കൂട്ടി. ചിലയിടങ്ങളിൽ മെനു തന്നെ വെട്ടിക്കുറച്ചു.ഊണ് നിർത്തി. പൊറോട്ടയും ദോശയും നിർത്തിയ ഹോട്ടലുകളുമുണ്ടായിരുന്നു.
കാരണം…ഗ്യാസ് ലഭ്യമല്ലായിരുന്നു.

കരിഞ്ചന്തയിൽ നിന്ന് 5,000 രൂപ വരെ കൊടുത്ത് സിലിണ്ടർ വാങ്ങേണ്ടി വന്നതായി ഹോട്ടൽ ഉടമകൾ തന്നെ പറഞ്ഞിരുന്നു. പക്ഷേ ഇന്ന്?സർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചു.വിപണിയിൽ സ്ഥിതി മെച്ചപ്പെട്ടു.എന്നിട്ടും പല ഹോട്ടലുകളിലും പഴയ ഉയർന്ന വില തന്നെയാണ് തുടരുന്നത്.ഒരുകാലത്ത് 60 രൂപ ലഭിച്ചിരുന്ന ഊണ്…ഇന്ന് 80 രൂപയും…100 രൂപയും… ചിലയിടങ്ങളിൽ അതിലും കൂടുതലും.ചിക്കൻ വിഭവങ്ങളുടെ വില 200 രൂപയിൽ നിന്ന് 260-280 രൂപയായി.160 രൂപയായിരുന്ന ബിരിയാണി 200 രൂപയായി.ചില പ്രശസ്ത ഹോട്ടൽ ശൃംഖലകളിൽ ചിക്കൻ ബിരിയാണി 240 രൂപയിൽ നിന്ന് 320 രൂപയായി ഉയർന്നു.

ഇവിടെ വീണ്ടും ഒരു ചോദ്യം.ഈ വിലവർധനയുടെ അടിസ്ഥാനമെന്താണ്? ഉപഭോക്താവിന് അത് വിശദീകരിക്കപ്പെടുന്നുണ്ടോ?അല്ലെങ്കിൽ വില പറഞ്ഞാൽ കൊടുക്കുക എന്ന അവസ്ഥയാണോ?ഹോട്ടൽ ഉടമകൾക്കും അവരുടെ വാദമുണ്ട്.അവരുടെ സംഘടനയുടെ അഭിപ്രായം വ്യക്തമാണ്.പാചകവാതകത്തിന്റെ വില ഇനിയും ഗണ്യമായി കുറഞ്ഞിട്ടില്ല. തൊഴിലാളികളുടെ വേതനം ഉയർന്നിട്ടുണ്ട്.വൈദ്യുതി നിരക്ക് വർധിച്ചിട്ടുണ്ട്. വാടക കൂടിയിട്ടുണ്ട്. മറ്റ് പ്രവർത്തനച്ചെലവുകളും വർധിച്ചിട്ടുണ്ട്. അതുകൊണ്ട് വില കുറയ്ക്കുക പ്രായോഗികമല്ലെന്നാണ് അവരുടെ നിലപാട്.ഈ വാദവും കേൾക്കേണ്ടതാണ്.

പക്ഷേ…അതോടൊപ്പം ഉപഭോക്താവിന്റെ ചോദ്യങ്ങളും കേൾക്കപ്പെടണം.കാരണം വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം സുതാര്യതയും ഉത്തരവാദിത്വവും ഉണ്ടാകണം.ഉപഭോക്താവിന് അറിയാനുള്ള അവകാശം ഉണ്ടാകണം.അതാണ് ഒരു ആരോഗ്യകരമായ വിപണിയുടെ അടിസ്ഥാനം.ഒരു ഉപഭോക്താവ് ഹോട്ടലിൽ കയറുമ്പോൾ ആദ്യം കാണേണ്ടത് എന്താണ്?ഭക്ഷണമോ?അല്ല.വിലപ്പട്ടിക.കാരണം വില അറിയാതെ ഭക്ഷണം ഓർഡർ ചെയ്യുന്നത് ഒരു ഉപഭോക്താവിന് ശരിയായ തീരുമാനമെടുക്കാൻ അവസരം നിഷേധിക്കുന്നതാണ്.അതുകൊണ്ട് ഓരോ ഹോട്ടലിലും വ്യക്തമായ വിലപ്പട്ടിക ഉണ്ടായിരിക്കണം.ചുമരിലായാലും…കൗണ്ടറിലായാലും…മെനു കാർഡിലായാലും…ഓൺലൈൻ മെനുവിലായാലും…വില വ്യക്തമായിരിക്കണം.മെനുവിൽ ഒരു വില…ബില്ലിൽ മറ്റൊരു വില…ഇങ്ങനെയൊരു സാഹചര്യം ഒരിക്കലും ഉണ്ടാകരുത്.

ഇനി മറ്റൊരു പ്രധാന കാര്യം.നമ്മളിൽ എത്രപേർ ഹോട്ടലിൽ നിന്ന് ബിൽ വാങ്ങാറുണ്ട്?സത്യമായി പറയൂ.പലരും വാങ്ങാറില്ല.പണം കൊടുത്ത് ഇറങ്ങും.പക്ഷേ അതാണ് ഏറ്റവും വലിയ തെറ്റ്.ബിൽ ചോദിക്കുന്നത് ഒരു ഉപഭോക്താവിന്റെ അവകാശമാണ്.ബില്ലിൽ ഉണ്ടായിരിക്കേണ്ടത്—സ്ഥാപനത്തിന്റെ പേര്.തീയതി.വാങ്ങിയ ഭക്ഷണങ്ങളുടെ വിവരങ്ങൾ.ഓരോ വിഭവത്തിന്റെയും വില.ആകെ തുക.ബാധകമാണെങ്കിൽ ജി.എസ്.ടി. വിവരങ്ങൾ.ക്യാഷ് നൽകിയാലും…യു.പി.ഐ. വഴി പണം നൽകിയാലും…കാർഡ് ഉപയോഗിച്ചാലും…ബിൽ വാങ്ങുക.കാരണം ബിൽ വെറും കടലാസല്ല.നിങ്ങൾ നൽകിയ പണത്തിന്റെ ഔദ്യോഗിക രേഖയാണ്.പരാതി നൽകേണ്ടിവന്നാൽ…അമിതവില ഈടാക്കിയെന്ന് സംശയമുണ്ടെങ്കിൽ…നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ തെളിവ് ആ ബില്ലായിരിക്കും.ഇനി ജി.എസ്.ടി.യുടെ കാര്യത്തിലേക്ക് വരാം.ചില സ്ഥാപനങ്ങളിൽ ജി.എസ്.ടി. പ്രത്യേകം രേഖപ്പെടുത്തുന്നു.ചിലയിടങ്ങളിൽ അങ്ങനെ കാണുന്നില്ല.

ഉപഭോക്താവ് ചെയ്യേണ്ടത് വളരെ ലളിതമാണ്.നിങ്ങൾക്ക് ലഭിക്കുന്ന ബിൽ പരിശോധിക്കുക.ബാധകമായിടത്ത് നികുതി വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.സംശയമുണ്ടെങ്കിൽ സ്ഥാപനത്തോട് ചോദിക്കുക. ഇനി സർക്കാരിനോടാണ് ചോദിക്കാനുള്ളത്.

കേരളത്തിലെ സത്യസന്ധമായി വ്യാപാരം നടത്തുന്ന ആയിരക്കണക്കിന് ഹോട്ടൽ ഉടമകളെ ആദരിച്ചുകൊണ്ടാണ് ഈ ചോദ്യങ്ങൾ ഉയർത്തുന്നത്.പക്ഷേ…വിലയിൽ സുതാര്യത വേണം.വിലപ്പട്ടിക എല്ലാവർക്കും കാണാവുന്ന വിധം പ്രദർശിപ്പിക്കണം.കൃത്യമായ ബിൽ നൽകണം.ബാധകമായ നിയമങ്ങൾ പാലിക്കണം.ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.കാരണം…ഒരു നല്ല വ്യാപാരത്തിന്റെ അടിസ്ഥാനം ലാഭം മാത്രമല്ല… വിശ്വാസമാണ്. ഇത് ഒരു ചായയുടെ കഥയല്ല… കേരളത്തിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ അവകാശത്തിന്റെ കഥയാണ്.

മുമ്പ് തട്ടുകടയേക്കുറിച്ചുള്ള വീഡിയോ ചെയ്തപ്പോൾ നിരവധിപേരാണ് അനുഭവം പങ്കിട്ടത്. ഹോട്ടലുകളിൽ നിന്നും നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കൂ. എക്സ്പ്രസ് വാർത്തയുടെ അന്വേഷണം തുടരും

അനീഷ് തകടിയിൽ