Sat Jul 11, 2026 10:55 pm
FLASH
X
booked.net

കേരളത്തിലെ കശുവണ്ടി വ്യവസായ പുനരുദ്ധാരണം പാക്കേജിന് കേന്ദ്രത്തിന്റെ തത്ത്വാധിഷ്ഠിത അംഗീകാരം

News / National July 11, 2026
  • വിശദമായ പ്രൊപ്പോസൽ ഉടൻ സമർപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ

ന്യൂഡൽഹി: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കശുവണ്ടി വ്യവസായ മേഖല നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിനും ആയിരക്കണക്കിന് തൊഴിലാളികളുടെയും സംരംഭകരുടെയും ജീവനോപാധി സംരക്ഷിക്കുന്നതിനുമായി പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനെ നേരിൽകണ്ട് മന്ത്രി ഷിബു ബേബിജോൺ സമർപ്പിച്ച മെമ്മോറാണ്ടത്തിന് തത്വത്തിൽ അംഗീകാരം. വിശദമായ പ്രൊപ്പോസൽ ഉടൻ സമർപ്പിക്കാൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചതായി ഷിബു ബേബിജോൺ പറഞ്ഞു. കശുവണ്ടി വ്യവസായ മേഖലയിലെ വിദഗ്ധരടങ്ങിയ സമിതിയെ കൊണ്ട് ഉടൻ തന്നെ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കും. പ്രതീക്ഷിച്ചതിലുമേറെ അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഈ സമീപനം ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും ഷിബു ബേബിജോൺ കൂട്ടിച്ചേർത്തു. എൻകെ പ്രേമചന്ദ്രൻ എംപിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി തുടരുന്ന പ്രതികൂല സാഹചര്യങ്ങൾ മൂലം കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഏകദേശം 850 സ്വകാര്യ കശുവണ്ടി സംസ്കരണ യൂണിറ്റുകളിൽ 90 ശതമാനവും പൂട്ടിപ്പോയതായി മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ബാധ്യതകൾ താങ്ങാനാവാതെ ആറ് കശുവണ്ടി സംരംഭകർ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ട്. ബാങ്കുകൾ സ്വീകരിക്കുന്ന കടുത്ത റിക്കവറി നടപടികൾ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും അതിൽ പറയുന്നു.

ഈ മേഖലയെ സംരക്ഷിക്കുന്നതിനായി നിരവധി ആവശ്യങ്ങളാണ് മെമ്മോറണ്ടത്തിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. കശുവണ്ടി സംസ്കരണ മേഖലയെ ‘ഇൻഡസ്ട്രിയൽ സിക്ക് സെക്ടർ’ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രത്യേക പുനരുദ്ധാരണ പാക്കേജുകൾക്ക് അർഹമാക്കണമെന്നാണ് പ്രധാന ആവശ്യം. ഇതിനോടൊപ്പം തന്നെ, സംരംഭകർക്ക് ബാങ്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനും വ്യവസായം പുനരാരംഭിക്കുന്നതിനും ആവശ്യമായ നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ഒരു പ്രത്യേക എംഎസ്എംഇ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കിംഗ് മേഖലയിൽ അടിയന്തര പരിഷ്കാരങ്ങൾ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിക്കുകയും സമഗ്രമായ പാക്കേജ് നടപ്പിലാക്കുന്നത് വരെ ബാങ്ക് റിക്കവറി നടപടികൾക്ക് അടിയന്തരമായി മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു. ഈടുള്ള വസ്തുക്കൾ മൊത്തമായി ലേലം ചെയ്യുന്നതിന് പകരം ഓരോന്നോരോന്നായി വിൽക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചായ, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകൾക്ക് നൽകുന്നത് പോലെ കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കശുവണ്ടി സംസ്കരണത്തിന് ആവശ്യമായ ആധുനിക യന്ത്രങ്ങൾ, സാങ്കേതിക സഹായം, തൊഴിലാളികൾക്കുള്ള റീട്രെയിനിംഗ് പ്രോഗ്രാമുകൾ, കോമൺ ഫെസിലിറ്റി സെന്ററുകൾ എന്നിവ സ്ഥാപിക്കുന്നതിന് ഗ്രാന്റുകളും സബ്സിഡികളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. സംസ്ഥാന സർക്കാർ നേരത്തെ നൽകിയ ഒടിഎസ് നിർദ്ദേശങ്ങൾ ബാങ്കുകൾ നടപ്പിലാക്കാത്തത് മേഖലയെ കൂടുതൽ തളർത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലാ ബാങ്കുകളുടെയും ഏകോപിത ഇടപെടലിലൂടെ മാത്രമേ കശുവണ്ടി വ്യവസായത്തെയും അതിനെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി ഷിബു ബേബിജോൺ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. എൻകെ പ്രേമചന്ദ്രൻ എംപിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.