Sun May 24, 2026 1:07 am
FLASH
X
booked.net

കോക്രോച്ച് ജനതാ പാർട്ടിക്ക് കേന്ദ്രത്തെ വിറപ്പിക്കാനാകുമോ ഡിജിറ്റൽ രാഷ്ട്രീയത്തിൽ പാറ്റകളെ എത്തിക്കേണ്ടിവന്ന അവസ്ഥയ്ക്ക് പിന്നിൽ ആരാണ്

Videos / Web Desk May 23, 2026

പാറ്റകളുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച് കേന്ദ്രം നിമിഷങ്ങൾക്കകം പുതിയ അക്കൗണ്ടുമായി പാറ്റകൾ

ഭാരതത്തിൽ നിരവധി രാഷ്ട്രീയ സംഘടനകളെ നമ്മൾ കണ്ടിട്ടുണ്ട്. ഭരണത്തിലും പ്രതിപക്ഷത്തും പുറത്തുമായി ലോകത്തിലെ തന്നെ മികച്ച ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നല്ലതും മോശവുമായ അനുഭവങ്ങൾ ജനങ്ങൾക്ക് സമ്മാനിച്ച കടന്നുപോയിട്ടുണ്ട്. എന്നാൽ 2026ൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പതിയെ പതിയെ ഉദിച്ചുവരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തേക്കാൾ വളരെ വേഗത്തിൽ യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുകയാണ് ഡിജിറ്റൽ രാഷ്ട്രീയ വിപ്ലവമായ കോക്രോച്ച് ജനതാ പാർട്ടി. കൊക്രോച്ച് എന്നാൽ പാറ്റ എന്നാണ് മലയാളത്തിൽ അർത്ഥം. പാറ്റയെ മുൻനിർത്തി പാറ്റയുടെ രൂപത്തിൽ വന്ന് സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ അക്കൗണ്ടിലൂടെയും അഭിപ്രായപ്രകടനം നടത്തുന്ന സിജെപി ഇപ്പോൾ യുവാക്കളുടെ തരംഗമാണ്. പാറ്റ പാർട്ടി എങ്ങനെ ജനകീയമായി, ആരാണ് ഇതിനുപിന്നിൽ, പാറ്റ പാർട്ടിയുടെ പിറവിയ്ക്ക് പിന്നിലെ കാരണമെന്താണ്.

2026 മെയ് 15ന് സുപ്രീംകോടതിയിൽ നടന്ന ഒരു വാദത്തിനിടെ ഇന്ത്യയുടെ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് നടത്തിയ ഒരു പരാമർശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഒരു പണിയുമില്ലാത്ത ചില യുവാക്കൾ ഉണ്ട്, അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ ആർ ടി ഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവർ കോക്രോച്ചുകളും പരാന്നഭോജികളുമാണ്. ഇതാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. അതിലാണ് പ്രതിഷേധം ആരംഭിച്ചത്. കോക്രോച്ച് ജനത പാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നതും വിചിത്രമായ തമാശയാണെന്ന് തോന്നും. നിർബന്ധിതമായോ സ്വന്തം ഇഷ്ടപ്രകാരമോ അല്ലെങ്കിൽ തത്വത്തിലോ തൊഴിലില്ലാത്തവർ അലസരായവർ അതായത് ശാരീരിക അധ്വാനം കുറഞ്ഞവർ, ദിവസവും കുറഞ്ഞത് 11 മണിക്കൂർ ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും ആയിരിക്കണം, പ്രൊഫഷണൽ ആയി കാര്യങ്ങൾ വിമർശിക്കാനുള്ള കഴിവുള്ളവർ ആയിരിക്കണം. വിചിത്രമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ അംഗത്വ വിവരങ്ങളെങ്കിലും ഒരാഴ്ചകൊണ്ട് രാജ്യത്താകമാനം ട്രെൻഡിങ് ആയി മാറിയിട്ടുണ്ട് സിജെപി.

യുവാക്കൾക്ക് വേണ്ടി യുവാക്കളാൽ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ മുന്നണി എന്ന തലക്കെട്ട് ആണ് ഇൻസ്റ്റഗ്രാമിൽ കാണപ്പെടുന്നത്. അഭിജിത്ത് ദീപ്കെ എന്ന യുവാവാണ് തമാശയ്ക്ക് ഒരു പേരുമിട്ട് ചില പോസ്റ്റും നടത്തിയത്. സി.ജെ.പിയുടെ സ്ഥാപക പ്രസിഡണ്ട് താനാണെന്നും അദ്ദേഹം പറയുന്നു. ജനതാ പാർട്ടിക്ക് ഒരു വെബ്സൈറ്റുമുണ്ട് അതിൽ കയറി ആർക്കും പാറ്റ വിപ്ലവ പാർട്ടിയിൽ മെമ്പർമാരാകാം. കോക്രോച്ച് ജനത പാർട്ടി കേന്ദ്രസർക്കാരിന് ഒരു തലവേദനയായി മാറിയിട്ടുണ്ട്. അതുമാത്രമല്ല സമൂഹത്തിലെ പല പ്രമുഖരും അംഗത്വവും എടുത്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവാ മൊയ്ത്രി, കീർത്തി ആസാദ്, കങ്കണാസെൻ, അനുരാഗ് കശ്യപ്, ഇഷാ ഗുപ്ത, ഫാത്തിമ സനാ ഷേക്ക് ഇങ്ങനെ പോകുന്നു പ്രമുഖരുടെ ലിസ്റ്റ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ എങ്ങനെ ഭയക്കാതിരിക്കും. ഒരുകോടി 8 ലക്ഷം ഫോളോവേഴ്സ് ആണ് സി.ജെ.പിക്ക് ഉള്ളത്. അതായത് 87 ലക്ഷം ഫോളോവേഴ്സ് ഉള്ള ബിജെപിയെ മറികടന്നു എന്നതാണ് അതിശയകരം. ഒരുകോടി 33 ലക്ഷം ഫോളോവേഴ്സ് ഉള്ള കോൺഗ്രസിനെയാണ് ഇനി സിജെപിക്ക് മറികടക്കാനുള്ളത്. കോക്രോചിന്റെ വളർച്ച തടയുക എന്ന ലക്ഷ്യത്തോടെ സിജെപിയുടെ എക്സ് അക്കൗണ്ട് കേന്ദ്രം ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്ത അക്കൗണ്ടിൽ ഒരു ലക്ഷത്തി 65,000 അംഗങ്ങൾ ഉണ്ടായിരുന്നു. നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിലക്ക് നടത്തിയത്. എങ്കിലും 12.6 മില്യൻ ആളുകൾ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്. എക്സിലെ ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നാലെ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണി പുതിയ അക്കൗണ്ട് തുറന്നു.

കോക്രോച്ച് ഈസ് ബാക്ക് എന്ന അക്കൗണ്ടാണ് നിമിഷങ്ങൾക്കകം രൂപപ്പെട്ടത്. അതിലും ഗംഭീര ക്യാപ്ഷനോടെയാണ് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഞങ്ങളെ ഒഴിവാക്കാമെന്ന് കരുതിയോ എന്ന ക്യാപ്ഷനും പങ്കുവെച്ചു. യുവാക്കൾക്കായി തുടങ്ങിയ പ്രതിഷേധ പാറ്റ രാജ്യത്താകമാനം ആളിപ്പടരുന്നു എന്നത് മറച്ചുവെയ്ക്കാനാവില്ല. മാധ്യമ പഠനത്തിൽ ബിരുദം നേടിയ 2020ൽ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ നിയന്ത്രിച്ച തന്ത്രജ്ഞനായും അഭിജിത്ത് അറിയപ്പെടുന്നു. അമേരിക്കയിലിരുന്ന് നിയന്ത്രിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയിൽ അംഗത്വം എടുത്തവരിൽ കൂടുതലും പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ആണെന്നാണ് ബിജെപി ക്യാമ്പ് ആരോപിക്കുന്നത്. നേപ്പാളിലെ യുവാക്കൾ തെരുവിലിറങ്ങി നടത്തിയ പ്രക്ഷോഭം അടിച്ചമർത്താൻ ഭരണകൂടം എത്രമാത്രം ബുദ്ധിമുട്ടിയിരുന്നു എന്നതും നമ്മൾ കണ്ടതാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെയാണ് പാറ്റ പാർട്ടികൾ ഇറങ്ങിയിരിക്കുന്നത് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്താലും അത് താൽക്കാലികമായി തടയിടാൻ മാത്രമേ സാധിക്കൂ. പുതിയ അക്കൗണ്ട് മായി യുവാക്കൾക്കിടയിൽ പാറ്റ കൂട്ടത്തോടെ എത്തും. ചീഫ് ജസ്റ്റിസ് പറഞ്ഞ പാറ്റകളായ യുവാക്കൾ നിമിഷനേരം കൊണ്ട് വൻ ഓൺലൈൻ പ്രസ്ഥാനം ആയി മാറിയെങ്കിൽ അവർക്ക് പറയാനുള്ളതും നിർദ്ദേശിക്കാനുള്ളതും ക്ഷമയോടെ കേൾക്കുക എന്നതും ഒരു രാഷ്ട്രീയ ധർമ്മം തന്നെയാണ്. അടിച്ചമർത്താൻ നോക്കുന്നതിനേക്കാൾ അനുഭവം പൂർവ്വം അവരുടെ ആവശ്യങ്ങളെ അംഗീകരിക്കാൻ ശ്രമിക്കുമ്പോഴാണ് പൂർണ്ണതയിൽ എത്തുക. എന്തായാലും ദേശീയതലത്തിൽ പാറ്റപാർട്ടിയുടെ അടുത്തനീക്കം എന്താണെന്ന് സസൂഷ്മം നിരീക്ഷിക്കുകയാണ് കേന്ദ്രസർക്കാരും മറ്റ് രാഷ്ട്രീയ സംഘടനകളും.