Mon Jul 07, 2025 3:58 am
FLASH
X
booked.net

ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹി നോര്‍ക്ക റൂട്ട്സ് സന്ദര്‍ശിച്ചു

Business June 24, 2025

ഉന്നതവിദ്യാഭ്യാസം, നഴ്സിംങ് റിക്രൂട്ട്മെന്റ് സാധ്യതകള്‍ ചര്‍ച്ച ചെയ്തു.

ആരോഗ്യ സാമൂഹികകാര്യ വിഭാഗത്തിലെ ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുമായി ചര്‍ച്ച നടത്തി. ഇന്ത്യയിലെ ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് കൂടിക്കാഴ്ച. കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ നൈപുണ്യ മികവുളളവര്‍ക്കും, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കും, നഴ്സിംങ് മേഖലയിലേയ്ക്കുമുളള തൊഴില്‍ റിക്രൂട്ട്മെന്റ് സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്തു. ഫ്രാന്‍സ് ആരോഗ്യമേഖലയില്‍ 60000 ത്തോളം ഒഴിവുകള്‍ നിലവിലുണ്ടെന്ന് കൂടിക്കാഴ്ചയില്‍ ചാൾസ് മഹി വ്യക്തമാക്കി. ഫ്രാന്‍സിലെ തൊഴില്‍ദാതാക്കളുമായി നേരിട്ടോ, ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ മാതൃകയിലോ ഉളള റിക്രൂട്ട്മെന്റ് സാധ്യതകളും വിലയിരുത്തി. ഫ്രാന്‍സ് സര്‍ക്കാറിന്റെ കേരളത്തിലെ ഔദ്യോഗിക ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രമായ അലൈയൻസ് ഫ്രാൻസൈസുമായുളള (Alliance Française) സഹകരണം സംബന്ധിച്ചും ചര്‍ച്ച ചെയ്തു. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ പ്രകാശ് പി ജോസഫും സംബന്ധിച്ചു