ഷാഹി കബീർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് റോന്ത്

ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ ലക്ഷ്മി മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ലക്ഷ്മി സലോമി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ കണ്ടന്റുകളിലൂടെ ഏറെ ശ്രദ്ധ നേടിയ ലക്ഷ്മിയുടെ മികച്ച പെർഫോമൻസ് തന്നെ ആരാധകർ സിനിമയിൽ പ്രതീക്ഷിക്കുന്നുണ്ട്.ഒരു മികച്ച പൊലീസ് സ്റ്റോറിയായിരിക്കും സിനിമ പറയുക എന്നാണ് സിനിമയുടെ ട്രെയ്‌ലർ നൽകുന്ന സൂചന. ജൂൺ 13 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് റോന്ത്. യോഹന്നാൻ എന്ന പരുക്കനായ പൊലീസ് കഥാപാത്രമായി ദിലീഷ് പോത്തനും ദിൻനാഥ് എന്ന പൊലീസ് ഡ്രൈവറായി റോഷനും എത്തും. ഇരുവരുടെയും കരിയറിലെ വ്യത്യസ്തമായ വേഷങ്ങളാകും ഇതെന്നാണ് പ്രതീക്ഷ.