Thu Sep 24, 2026 5:24 pm
FLASH
X

രണ്ട് ലക്ഷം കണക്ഷനിലേക്ക് കെഫോൺ

HOME September 24, 2026

കേരളത്തിന്റെ ടെലികോം രംഗത്ത് ശ്രദ്ധേയ മുന്നേറ്റവുമായി കെഫോൺ. സംസ്ഥാനത്തെ കെഫോൺ കണക്ഷനുകളുടെ എണ്ണം രണ്ട് ലക്ഷം കണക്ഷനെന്ന നാഴികക്കല്ലിന് അരികിലെത്ത. ഗാർഹിക കണക്ഷനുകൾക്കൊപ്പം സർക്കാർ സ്ഥാപനങ്ങൾ, എന്റർപ്രൈസ് വിഭാഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ എന്നിവയിലേക്കും കണക്റ്റിവിറ്റി വ്യാപിച്ചതാണ് ഈ വളർച്ചയുടെ പ്രധാന സവിശേഷത .

ഇന്റർനെറ്റ് സേവനം ആശയവിനിമയത്തിനപ്പുറം വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യപരിചരണം, ഡിജിറ്റൽ വ്യാപാരം, സർക്കാർ സേവനങ്ങൾ തുടങ്ങിയ മേഖലകളുടെ അടിസ്ഥാനസൗകര്യമായി മാറിയ സാഹചര്യത്തിലാണ് കെഫോണിന്റെ വളർച്ച. സേവനമേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള കേരളത്തിൽ ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ വ്യാപനം സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നുണ്ട്.

നഗരമേഖലകൾക്ക് പുറമെ ഗ്രാമീണ, കണക്റ്റിവിറ്റി പരിമിതമായ പ്രദേശങ്ങളിലേക്കും ശൃംഖല വ്യാപിപ്പിക്കുന്നതിലാണ് അടുത്ത ഘട്ടത്തിലെ ശ്രദ്ധ. ആദിവാസി മേഖലകളിലേക്ക് ബ്രോഡ്ബാൻഡ് സേവനം കൂടുതൽ എത്തിക്കുന്നതിനും നിലവിലുള്ള നെറ്റ്‌വർക്ക് നവീകരിക്കുന്നതിനുമുള്ള പ്രാഥമിക ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലാസ്റ്റ്‌മൈൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ പങ്കാളിത്തവും പരിഗണിക്കുന്നുണ്ട്. കണക്റ്റിവിറ്റി പരിമിതമായ ചില മേഖലകളിലെ കെഫോൺ പോപ്പുകളിൽ സൗരോർജ സംവിധാനം സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. നെറ്റ്‌വർക്ക് സേവനങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം പ്രവർത്തനച്ചെലവ് കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

രണ്ട് ലക്ഷം കണക്ഷനിലേക്ക് അടുക്കുന്ന കെഫോണിന്റെ വളർച്ച ഒരു സംഖ്യയുടെ നേട്ടത്തിനപ്പുറം കേരളത്തിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. വീടുകളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിലേക്കും സംരംഭങ്ങളിലേക്കും കണക്റ്റിവിറ്റി വ്യാപിക്കുന്നതോടെ ടെലികോം ശൃംഖല സംസ്ഥാനത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നിർണായക അടിസ്ഥാനമായി മാറുകയാണ്.