Tue Sep 01, 2026 2:56 am
FLASH
X

യുഎസ് ഓപ്പൺ കോർട്ടിൽ ‘കഞ്ചാവിന്റെ രൂക്ഷഗന്ധം’; പ്രമുഖ താരങ്ങളുടെ പരാതി

HOME / Sports August 31, 2026

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെ വിചിത്ര പരാതിയുമായി പ്രമുഖ താരങ്ങൾ. മത്സരവേദിയായ ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിലെ കോർട്ടുകളിൽ കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് താരങ്ങളുടെ പരാതി.

പരിശീലനത്തിനിടയിലും മത്സരങ്ങൾക്കിടയിലും കഞ്ചാവിന്റെ മണം അനുഭവപ്പെടുന്നതായും ഇത് മത്സരത്തിലെ ഏകാഗ്രതയെ ബാധിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് താരം കാറ്റി ബൗൾട്ടർ വ്യക്തമാക്കി. ഫ്രാൻ ജോൺസ്, ഹാരിയറ്റ് ഡാർട്ട് എന്നിവരും സമാനമായ അനുഭവം പങ്കുവെച്ചിട്ടുണ്ട്.

ടെന്നീസ് സെന്ററിന് സമീപമുള്ള പാർക്കിൽ ആളുകൾ കഞ്ചാവ് ഉപയോഗിക്കുന്നതാണ് ഗന്ധം കോർട്ടുകളിലേക്ക് എത്താൻ കാരണമെന്നാണ് റിപ്പോർട്ട്. ന്യൂയോർക്കിൽ 21 വയസ്സിന് മുകളിലുള്ളവർക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. എന്നാൽ യുഎസ് ഓപ്പൺ നടക്കുന്ന ടെന്നീസ് സെന്റർ പരിസരത്ത് പുകവലിക്കും ലഹരി ഉപയോഗത്തിനും അനുമതിയില്ല.

അതേസമയം, ടെന്നീസ് കോർട്ടിനും ഗ്രൗണ്ടിനും പുറത്തുനടക്കുന്ന കാര്യങ്ങളിൽ തങ്ങൾക്ക് നിയന്ത്രണമില്ലെന്ന് യുഎസ് ടെന്നീസ് അസോസിയേഷൻ വ്യക്തമാക്കി.

മുൻ വർഷങ്ങളിലും ചില താരങ്ങൾ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വിഷയം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.