ന്യൂഡൽഹി : വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടുന്പോഴും ബിഎസ്എൻഎൽ വൻ സാമ്പത്തിക പ്രതിസന്ധിയിൽ. പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ ആയിരക്കണക്കിനു മൊബൈൽ ടവറുകളും ഡാർക്ക് ഫൈബർ ശൃംഖലകളും സ്വകാര്യ ടെലികോം കന്പനികൾക്ക് പാട്ടത്തിനു നൽകുന്നത് കൂടുതൽ ശക്തമാക്കാൻ തീരുമാനം.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമാണിത്. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി 2026-–27 സാമ്പത്തിക വർഷം ബിഎസ്എൻഎല്ലിന്റെ മൂലധന സഹായത്തിൽ 21,588 കോടി രൂപയുടെ വർധനയുണ്ടായെന്നാണ് ടെലികോം വകുപ്പിന്റെ പറയുന്നത്. 2028-–29 സാമ്പത്തിക വർഷത്തോടെ കമ്പനിയെ പ്രവർത്തന ലാഭത്തിലെത്തിക്കാനും രാജ്യവ്യാപകമായി 98 ശതമാനം കവറേജ് ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. പ്രവർത്തനച്ചെലവ് കുറച്ചും ഉയർന്ന വരുമാനമുള്ള ഫൈബർ, എന്റർപ്രൈസ് സേവനങ്ങൾക്ക് മുൻഗണന നൽകിയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും നടപടി തുടങ്ങിയതായും അധികൃതർ പറയുന്നു.
ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് നവീകരണത്തിനും വികസനത്തിനുമായി വരുന്ന അഞ്ചു വർഷത്തിനുള്ളിൽ 77,000കോടി രൂപയുടെ മൂലധന നിക്ഷേപത്തിനും പദ്ധതി തയ്യാറാക്കി. തന്ത്രപ്രധാന മേഖലകളിലും തിരക്കേറിയ ഇടങ്ങളിലും രണ്ടുലക്ഷത്തിലധികം 4 ജി സൈറ്റുകൾ സ്ഥാപിക്കുക, നെറ്റ്വർക്ക് ശേഷി വർധിപ്പിക്കുക, 5ജി സേവനങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച നിർദേശം ടെലികമ്യൂണിക്കേഷൻസ് വകുപ്പ് (ഡിഒടി)പാർലമെന്ററി കമ്മിറ്റിക്ക് നൽകി.
കഴിഞ്ഞ സാമ്പത്തിക വർഷം 4ജി റോൾഔട്ട്, ഫൈബർ ശൃംഖലാ വികസനം, ഭാരത്നെറ്റ് സംയോജനം എന്നിവയ്ക്കായി ബിഎസ്എൻഎൽ വൻതുക ചെലവഴിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ഒരു ലക്ഷത്തിലധികം 4 ജി സൈറ്റുകൾ ബിഎസ്എൻഎൽ ഇതിനകം സജ്ജമാക്കി. ഭാവിയിൽ ഇവയെ എളുപ്പത്തിൽ 5 ജി സാങ്കേതികവിദ്യയിലേക്ക് ഉയർത്താനാകും. ഇനി രണ്ടുലക്ഷം 4ജി സൈറ്റുകൾ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.



