Wed Oct 14, 2026 1:11 pm
FLASH
തമന്നയും ലക്ഷ്യയുമായും സഹകരിച്ച് പുതിയ ക്യാംപെയ്‌നുമായി സ്പാർക്സ്      |      അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്നവർക്ക് ജോലി നൽകും: മുഖ്യമന്ത്രി വി ഡി സതീശൻ      |      സെൻസസ് 2027: രണ്ടാം ബാച്ചിൻ്റെ പരിശീലനം ആരംഭിച്ചു      |      വിപ്ലവം തീർത്ത കപ്പുകൾ.      |      തമിഴകം, പോയവാരം      |      മോദിക്ക് മാധ്യമങ്ങളെ ഭയമോ? | പ്രധാനമന്ത്രി മൗനം വെടിയണം!      |      വനിതാ ശാക്തീകരണത്തിനും തുല്യാവകാശങ്ങൾക്കുമായി ബോധവത്കരണം ശക്തമാക്കണം: വനിതാ കമ്മീഷൻ      |      സൗദിയിൽ ആക്രമണം; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം      |      മനസ്സിന്റെ ശബ്ദം കേൾക്കണം; മാറ്റങ്ങൾ യാഥാർഥ്യമാകണം      |      ഹോർമൂസിൽ പ്രതിസന്ധി; ലോകം എണ്ണപ്പുകയിലേക്ക്      |      
X

നീറ്റ് ചോദ്യങ്ങൾ എങ്ങനെ ചോർന്നു? നിർണായക കണ്ടെത്തലുമായി സിബിഐ; പരീക്ഷാ രീതിയിൽ വൻ മാറ്റങ്ങൾ പരിഗണനയിൽ

HOME / Kerala / Latest News August 7, 2026

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക കണ്ടെത്തലുമായി സിബിഐ. വിഷയ വിദഗ്ധർ സുരക്ഷാ വീഴ്ച മുതലെടുത്താണ് ചോദ്യങ്ങൾ പുറത്തേക്ക് കടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ചോദ്യങ്ങൾ തയ്യാറാക്കുന്ന ഘട്ടത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാത്തതും ചോർച്ചയ്ക്ക് വഴിവെച്ചതായി സിബിഐ കണ്ടെത്തി.

സിബിഐയുടെ കണ്ടെത്തൽ പ്രകാരം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ മൂന്ന് വിദഗ്ധർക്കാണ് ചോദ്യപേപ്പറുകൾ കൈമാറിയിരുന്നത്. ഇവരിൽ ഒരാൾ പേപ്പറിൽ തന്നെ ചോദ്യങ്ങൾ എഴുതി പുറത്തേക്ക് കടത്തിയപ്പോൾ, മറ്റ് രണ്ട് പേർ ചോദ്യങ്ങൾ മനഃപാഠമാക്കി പുറത്തിറങ്ങിയ ഉടൻ കുറിപ്പുകളായി രേഖപ്പെടുത്തി. ഇത്തരത്തിൽ ഏകദേശം 135 ചോദ്യങ്ങളാണ് ചോർന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

അന്വേഷണത്തിൽ രണ്ട് പ്രധാന സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയത്. ചോദ്യങ്ങൾ തയ്യാറാക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ല. കൂടാതെ പുറത്തേക്ക് പോകുന്നതിന് മുൻപ് ദേഹപരിശോധനയും നടത്തിയിരുന്നില്ല. ഈ ഗുരുതര പാളിച്ചകളാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പ്രധാന കാരണമായതെന്ന് സിബിഐ വിലയിരുത്തുന്നു.

ഇതിനിടെ, നീറ്റ്-യുജി പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇയുടെ മാതൃകയിൽ വർഷത്തിൽ രണ്ട് ഘട്ടങ്ങളായി നീറ്റ് പരീക്ഷ നടത്തുക എന്ന നിർദേശമാണ് പ്രധാനമായും പരിഗണനയിലുള്ളത്.

നിലവിലെ ഒഎംആർ ഷീറ്റ് സംവിധാനത്തിന് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടപ്പാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ചോദ്യപേപ്പർ ചോർച്ചയും ഒഎംആർ മൂല്യനിർണയത്തിലെ ക്രമക്കേടുകളും ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളുടെ പരീക്ഷാസമ്മർദ്ദം കുറയ്ക്കുന്നതിനായി വർഷത്തിൽ ഒരു തവണയ്ക്ക് പകരം രണ്ട് അവസരങ്ങൾ നൽകുന്ന കാര്യവും എൻ.ടി.എയുടെ അജണ്ടയിലുണ്ട്.

പരീക്ഷ നടത്തിപ്പിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 100-ലധികം ശുപാർശകൾ ഉൾപ്പെട്ട ഈ റിപ്പോർട്ടിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സംവിധാനം, രണ്ട് ഘട്ട പരീക്ഷ, സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിബിഐ അന്വേഷണത്തിലെ പുതിയ കണ്ടെത്തലുകളും വിദഗ്ധ സമിതിയുടെ ശുപാർശകളും പരിഗണിച്ചാണ് നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്.