Sun Jun 21, 2026 12:50 am
FLASH
X
booked.net

കായിക യുവജനകാര്യ മന്ത്രി ഒ.ജെ ജനീഷ്

Kerala / News June 20, 2026

തിരുവനന്തപുരം- കായിക യുവജന മേഖലയുടെ കുതിപ്പിന് ഉതകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്. ഫുട്ബോൾ പരിശീലനത്തിനായി വിഭാവനം ചെയ്ത അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടി മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണ്. ഒട്ടേറെ ഫുട്ബാൾ താരങ്ങളാണ് മതിയായ പരിശീലനത്തിന്റെ അഭാവത്തില് മുന്നോട്ടുവരാനാവാതെ പ്രതിഭ മങ്ങിപ്പോകുന്നത്. അതിൽ മാറ്റം വരുത്താൻ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും.

അമേച്വർ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത ഗ്രാമീണ കളിസ്ഥലങ്ങൾ പ്രവർത്തനസജ്ജമാകുന്നതും കേരളത്തിന്റെ കായികമേഖലയിലെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും. വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുത്ത് അവർക്ക് ആവശ്യമായ പ്രോത്സാഹനം നല്കുകുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. വിവിധ സ്പോർട്സ് ഇനങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുൻതൂക്കം നൽകുന്നതാണ് ബജറ്റ് എന്നും മന്ത്രി പറഞ്ഞു. 173.77 കോടി രൂപയാണ് കായിക യുവജനമേഖലയ്ക്കായി ബജറ്റില് വകയിരുത്തിയിരിക്കുന്നത്.

കായിക വികസന പദ്ധതികൾക്കായി സർക്കാർ ധനസഹായത്തിന് പുറമേ സ്വകാര്യ മേഖലകളിൽ നിന്ന് വിവിധ മാർഗ്ഗങ്ങളിലൂടെ വിഭവങ്ങൾ സമാഹരിക്കുന്നതിന് ബജറ്റ് വിഭാവനം ചെയ്യുന്നു. കഴിവുള്ള അത്ലറ്റുകളുടെയും ടീമുകളുടെയും അനുഭവ പരിചയം വർദ്ധിപ്പുക്കുന്നതിന് പരിശീലനങ്ങളും മത്സരങ്ങളും ആസൂത്രണം ചെയ്യുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവർഷവും പ്രധാന ദേശീയ അന്തർദേശീയ കായിക മത്സരങ്ങൾ സംഘടിപ്പിക്കും, പ്രശസ്തമായ കോളേജുകളിലും സ്ഥാപനങ്ങളിലും സ്പോർട്സ് ബിസിനസ്സ് ഇൻകുബേറ്റർ സ്ഥാപിക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സ്റ്റേഡിയങ്ങൾ, കളിസ്ഥലങ്ങൾ, നീന്തൽകുളങ്ങൾ, മറ്റ കായിക സ്ഥലങ്ങൾ, സ്പോർട്സ് ഹോസ്റ്റൽ എന്നിവ ഉൾപ്പെടെയുള്ള സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവൽക്കരണവും, നവീകരണവും നടപ്പിലാക്കും. മറ്റ് വകുപ്പുകളുമായി സഹകരിച്ച് ലഹരി വിരുദ്ധ ക്യാംപെയ്ൻ നടത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2036 ഒളിംപിക് ഗയിംസിൽ പങ്കെടുക്കുന്നതിനായി അത്ലറ്റകളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കോളോജ് സ്പോർട്സ് ലീഗ് സംഘടിപ്പിക്കും. കോളേജ് തലത്തിൽ യുവ കായിക പ്രതിഭകളെ തിരിച്ചറിയുന്നതും, പരിപോഷിപ്പിക്കുന്നതും ആണ് പദ്ധതി. വിദ്യാർത്ഥികളിൽ നിന്ന് ഭാവിയിലെ അന്താരാഷ്ട്ര മത്സരങ്ങൾ മുന്നിൽ കണ്ട് സ്വർണ്ണ മെഡൽ ജേതാക്കളെ വളർത്തുകയാണ് ലക്ഷ്യം.

ഒളിമ്പിക്സ് സ്വപ്നങ്ങളുമായി ഓപ്പറേഷൻ ഒളിമ്പിയ 2028-2032 എന്ന പദ്ധതിയും ബജറ്റില് ഉള്പ്പെടുത്തിയിട്ടുണ്ട്. 2028 ഒളിമ്പിക്സ് ലക്ഷ്യമാക്കി വിഭാവനം ചെയ്ത ഓപ്പറേഷൻ ഒളിമ്പിയയ്ക്ക് ബജറ്റില് 132.00 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2028 ഒളിമ്പിക്സില് ഉയർന്ന മെഡൽ നേടാൻ സാധ്യതയുള്ള വ്യക്തിഗത സ്പോർട്സും ഗെയിമുകളും തിരിച്ചറിയൽ, അത്യാധുനിക പരിശീലന സൗകര്യങ്ങളും കായിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കന്നതും ലഭ്യമാക്കുന്നതുമാണ് ലക്ഷ്യം. അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിംഗ് ഫെൻസിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളാണ് അതിനായി തിരിച്ചറിഞ്ഞിട്ടുള്ളത്. ബാല്യകാലം മുതല് കായിക പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനായി 650 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിക്ഷേപ അവസരങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനായി സ്പോർട്സ് കോണ്ക്ലേവ്, കായികനിക്ഷേപസംഗമം സംഘടിപ്പിക്കും. വ്യവസായ വകുപ്പുമായി സഹകരിച്ച് കായിക ഉത്പന്ന വ്യവസായങ്ങള്ക്ക് ഉയർന്ന മുന്ഗണന നല്കുും.

കേരളത്തെ മികച്ച കായിക സംസ്ഥാനമാക്കി മാറ്റുന്നതിനും കായികതാരങ്ങൾക്കും കുട്ടികൾക്കും യുവജനങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കും ലോകോത്തര അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രതിബദ്ധതയോടെ കേരള സർക്കാർ മുന്നോട്ടുപോകുന്നു. 2026–27 ലെ പുതുക്കിയ ബജറ്റിൽ ഗ്രാസ്‌റൂട്ട്‌സ് കായിക വികസനം, സമൂഹപങ്കാളിത്തം, കായിക അടിസ്ഥാനസൗകര്യ വികസനം, സാങ്കേതികവിദ്യയുടെ പ്രയോജനം, എല്ലാവർക്കും കായിക സൗകര്യങ്ങളിലേക്കുള്ള സമാന പ്രവേശനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.

സ്പെഷ്യൽ പ്രോജക്ട്സ് പദ്ധതിയുടെ ഭാഗമായി ബാല്യകാലം മുതൽ കായിക പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനായി 650 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഹെൽത്തി കിഡ്സ് – പ്ലേ ഫോർ ഹെൽത്ത്, ഇ-സ്പോർട്സ് പ്രോത്സാഹനം, ഫുട്ബോൾ, ബാസ്കറ്റ്ബോൾ) അത്ലറ്റിക്സ് ജൂഡോ ബോക്സിംഗ് എന്നീ ഗ്രാസ്‌റൂട്ട്‌സ് പരിശീലന പദ്ധതികളുടെ വ്യാപനമാണ് പ്രധാന പദ്ധതികൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഈ പദ്ധതികൾ വ്യാപിപ്പിച്ച് ചെറുപ്പത്തിൽ തന്നെ കായിക പ്രതിഭകളെ കണ്ടെത്തുകയും വിദ്യാർത്ഥികളിൽ ശാരീരിക ക്ഷമതയും കായിക സംസ്കാരവും വളർത്തുകയും ചെയ്യും. സ്പോർട്സ് മെഡിസിനില് സ്വീകരിക്കേണ്ട സ്റ്റാന്ഡേർഡ് പ്രോട്ടോക്കള് വികസനം ഉറപ്പുവരുത്തും. കായിക താരങ്ങളക്ക് ശാസ്ത്രീയവും വേഗത്തിലുള്ളതുമായ വൈദ്യസഹായവും പുനരധിവാസ ചികിത്സയും നല്കി കായിക രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട രാജീവ്ഗാന്ധി സ്പോര്ർസ് മെഡിസിന് സെന്റരറിന്ർറെ പ്രവര്ർത്തനം കൂടുതല് മെച്ചപ്പെടുത്തും.

സാങ്കേതികവിദ്യയുടെ സഹായത്തോടെ കായിക ഭരണവും സേവന വിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കായിക രേഖപ്പെടുത്തലും ഡിജിറ്റൽ ആർക്കൈവിംഗും, കായിക ബോധവത്കരണ പ്രവർത്തനങ്ങളും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും, കായിക ആസ്തി മാനേജ്മെന്റും, വാർഷിക സ്പോർട്സ് ഹാക്കത്തോണുകളും, ലഹരിവിരുദ്ധ കാമ്പയിനുകളും, കായിക യുവജനകാര്യ ഡയറക്ടറേറ്റിൽ പ്രത്യേക മീഡിയ സെൽ രൂപീകരണവും നടപ്പിലാക്കും.കായിക വികസനം, ഗ്രാസ്‌റൂട്ട്‌സ് പ്രതിഭാ കണ്ടെത്തൽ, ആധുനിക കായിക അടിസ്ഥാനസൗകര്യ വികസനം, സമഗ്ര സമൂഹപങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കിയാണ് കേരളം കായിക മേഖലയെ സമീപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കായികമേഖലയിലെ സൌകര്യങ്ങള് വർദ്ധിപ്പിക്കുന്നതിന് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി ഒ.ജെ ജനീഷ് കൂട്ടിച്ചേർത്തു.