രക്ഷാപ്രവർത്തകരെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻ അടക്കം അഞ്ചുപേർ പ്രതികൾ എന്ന് എസ് ഐ ടിരക്ഷാപ്രവർത്തനത്തിന്റെ പേരിൽ കണ്ണിൽ ചോരയില്ലാതെ തല്ലിച്ചതച്ചവർക്ക് ഇനി കോടതി കയറിയിറങ്ങാം
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ചു നടത്തിയ ഒരു ജനകീയ മുന്നേറ്റമായിരുന്നു നവ കേരള യാത്ര. നവ കേരള യാത്രയ്ക്കായി തയ്യാറാക്കിയ ആഡംബര ബസ്സടക്കം എല്ലാം വിവാദങ്ങളിലാണ് അവസാനിച്ചത്. നവ കേരള യാത്രയിൽ ചിലവഴിച്ച തുകയടക്കം വൻ ചർച്ചയായിരുന്നതാണ്. ആ യാത്രയിലാണ് യൂത്ത് കോൺഗ്രസ് പലയിടങ്ങളിലും പ്രതിഷേധസൂചികമായി കരിങ്കോടി കാട്ടിയത്. സമരങ്ങളിലൂടെയും ഹർത്താലുകളിലൂടെയും ജനങ്ങളെ ആവശ്യത്തിലധികം ബുദ്ധിമുട്ടിച്ചിട്ടുള്ള എൽഡിഎഫിന് യൂത്ത് കോൺഗ്രസുകാർ കാണിച്ച കരിങ്കൊടി എന്ന കറുപ്പ് വസ്ത്രത്തെ ഇഷ്ടപ്പെട്ടില്ല എന്നത് ഒരു വിരോധാഭാസമായി മാറിയിരുന്നു.
അതും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കരിങ്കോടി കാട്ടിയ യൂത്തന്മാരെ അങ്ങനെ വെറുതെ വിടാൻ പറ്റുമോ. പോരാത്തതിന് ഇരട്ടചങ്കുള്ള മുഖ്യമന്ത്രി കൂടെയുള്ളപ്പോൾ ആരെ ഭയക്കാൻ ആര് എതിർക്കാൻ. പ്രതിപക്ഷമായ അന്നത്തെ കോൺഗ്രസ് ആണെങ്കിൽ അത്ര ശക്തമല്ല എന്ന തോന്നലും ഗുണ്ടാ സ്വഭാവമുള്ള പോലീസ് പരിചാരകർക്ക് തോന്നിയിട്ടുമുണ്ട്. എന്നാൽ പിന്നെ കിട്ടിയ അവസരത്തിൽ ഇറങ്ങി രണ്ടെണ്ണം കൊടുത്തിട്ട് വരാമെന്നായി ചിന്ത. കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് നേതാക്കളെ അവിടെ ഉണ്ടായിരുന്ന ലോക്കൽ പോലീസുകാർ പിടിച്ചു മാറ്റിയിട്ടുമുണ്ട്. പിടിച്ചുമാറ്റിയ യൂത്തന്മാരെ അങ്ങോട്ട് ചെന്ന് തല്ലി ചതിക്കാൻ എളുപ്പമാണല്ലോ, മുഖ്യമന്ത്രിയുടെ പ്രശംസയും അടുപ്പവും വർദ്ധിക്കുകയും ചെയ്യും.
പോലീസ് പിടിച്ചുമാറ്റിയ ഇടത്ത് ചെന്ന് ലാത്തി കൊണ്ട് പ്രതിഷേധക്കാരെ ഒരു പ്രകോപനവും ഇല്ലാതെ, കണ്ണിൽ ചോരയില്ലാതെ, പിണറായി വിജയൻറെ ഗൺമാനടക്കം അഞ്ചു പോലീസുകാരാണ് തലങ്ങും വിലങ്ങും തല്ലിച്ചതച്ചത്. ആ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ കണ്ട ഏതൊരാൾക്കും ഉള്ളിൽ ഒരു വിങ്ങൽ അനുഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. രാഷ്ട്രീയ ഭേദമന്യേ മലയാളിയുടെ മനസ്സിൽ ഒരു നൊമ്പരമായ കാഴ്ചയാണ് അധികാരം കയ്യിൽ ഉണ്ടെങ്കിൽ എന്ത് തോന്നിവാസവും ചെയ്യാൻ മടിക്കാത്ത ജനങ്ങളെ സംരക്ഷിക്കേണ്ടവർ ചെയ്തുകൂട്ടുന്നത്. ഭരണാധിപന്റെ അനുകമ്പ പിടിച്ചു പറ്റുവാൻ പ്രതിഷേധിക്കുന്നവർക്ക് മുകളിലേക്ക് എന്തും ചെയ്യാം എന്ന അഹങ്കാരവും വെളിവാകുന്ന ദൃശ്യമായിരുന്നു അത്. ആ സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കേവലം ഒരു രക്ഷാപ്രവർത്തനം മാത്രമായിരുന്നു നടന്നതെന്നും അവരെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും ഉറച്ചു നിന്നതും. കാലം കണക്ക് തീർക്കും എന്നത് പ്രകൃതിനിയമം തന്നെയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞു യുഡിഎഫ് ചരിത്രവിജയം നേടി. അധികാരത്തിൽ എത്തി.
അടിച്ചമർത്തി ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫ്ന് ദയനീയ തോൽവിയും ഏറ്റുവാങ്ങേണ്ടി വന്നു. അവിടംകൊണ്ടും തീർന്നില്ല അന്നത്തെ ലാത്തിയടിയുടെ വേദന തൊലിപ്പുറത്ത് മാറിയിരുന്നെങ്കിലും മനസ്സിനുള്ളിൽ ഒരു തരിമ്പും കുറയാതെ വേദന സൂക്ഷിച്ചു. കേരള മുഖ്യമന്ത്രി വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യത്തെ മന്ത്രിസഭയിൽ തന്നെ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണസംഘത്തെ ഏൽപ്പിച്ചു അന്നത്തെ രക്ഷാപ്രവർത്തകരെ പൊക്കണം എന്ന കാര്യം. പിന്നീടെല്ലാം വളരെ വേഗത്തിൽ തന്നെ നടന്നു. ഗുരുതര ചട്ടലംഘനമാണ് നടന്നതെന്ന് എസ്ഐടി കണ്ടെത്തി. ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പിണറായി വിജയൻറെ വാഹനത്തിൽ ഉണ്ടായിരുന്ന ഗൺമാൻമാർ ഇറങ്ങിവന്ന് യൂത്ത് കോൺഗ്രസുകാരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത് . അന്നത്തെ ആലപ്പുഴഎസ് പി ആയിരുന്ന ചൈത്ര തെരേസ ജോൺ പറയുന്ന പ്രകാരം രക്ഷാപ്രവർത്തകർ എന്ന ഈ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് അനാവശ്യ പ്രവർത്തിയാ ണെന്നും പോലീസിന് അവമതിപ്പുണ്ടാക്കി എന്നും വ്യക്തമാക്കുന്നുണ്ട്. അന്നു കാണിച്ച അമിതാവേശത്തിന് കാലം പണികൊടുത്തു. ഇന്ന് പിണറായി വിജയൻറെ ഗൺമാൻമാർ അടക്കം അഞ്ചു പോലീസുകാർ കുറ്റക്കാരാണെന്ന് എസ് ഐ ടി കണ്ടെത്തുകയും ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
രക്ഷാപ്രവർത്തകരായ ഗൺമാൻ അനിൽ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസ്കോർട്ടിൽ ഉണ്ടായിരുന്ന പോലീസുകാരായ ഷൈജു, വിപിൻ, അരുൺ എന്നിവരെയാണ് പ്രതി പട്ടികയിൽപെടുത്തിയിരിക്കുന്നത്. ഈ അഞ്ചു പോലീസുകാർക്കും എതിരെ വകുപ്പുതല നടപടിക്കായി ഡിജിപിക്ക് ശുപാർശ കൈമാറുവാനും തീരുമാനമായിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴികൾ ശേഖരിച്ചുമാണ് നൽകിയിട്ടുള്ളത്. അന്നത്തെ ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാർ റിപ്പോർട്ട് തിരുത്തിയെന്നും ആക്ഷേപമുണ്ട് .പുനരന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് പോലീസ് മേധാവിയുടെ കർശന നിർദേശം.
സന്ദീപും അനിൽകുമാറും ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് മുമ്പാകെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന ജോലി മാത്രമാണ് ചെയ്തതെന്നും ലോക്കൽ പോലീസ് സ്ഥലത്തില്ലാതിരുന്നതിനാലാണ് ഇടപെട്ടതെന്നും പറയുന്നു. മന്ത്രിമാരുടെ വാഹനവ്യൂഹത്തിന് പിന്നാലെ പ്രതിഷേധക്കാർ ഓടിയത് തടയാനാണ് ശ്രമിച്ചത്. പല സ്ഥലത്തും പോലീസ് ഉണ്ടായിരുന്നില്ല, അതിനാലാണ് ലാത്തി കരുതിയതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. കൂടാതെ അറസ്റ്റിലായി 48 മണിക്കൂർ ഡിമാന്റിലായാൽ ജോലി നഷ്ടമാകുമെന്നും മുൻകൂർ ജാമ്യ അപേക്ഷയിൽ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കണ്ടാൽ തന്നെ മതിയാകും രക്ഷാപ്രവർത്തകർ ലാത്തി ഉപയോഗിച്ച് തല്ലിയതാണോ തലോടിയതാണോ എന്നത്. പ്രതിഷേധം നടത്തുവാനും കരിങ്കൊടി കാണിക്കുവാനും ജനാധിപത്യം പുലരുന്ന നമ്മുടെ രാജ്യത്ത് അവകാശമുണ്ട്. അതിനെ പ്രതിരോധിക്കാനും ഭരണകർത്താക്കളെ സംരക്ഷിക്കുവാനും സുരക്ഷ ഉദ്യോഗസ്ഥർക്കും കടമയുണ്ട്. എന്നാൽ പ്രതിഷേധിക്കുന്ന ചെറുപ്പക്കാരുടെ തല തല്ലി പൊട്ടിക്കുവാൻ ആർക്കും അധികാരം നൽകിയിട്ടില്ല .
ദൃശ്യം കണ്ട ഏതൊരാളിനും ആ കൃത്യം നടത്തിയ ഉദ്യോഗസ്ഥരോട് അമർഷവും ദേഷ്യവും വന്നിട്ടുണ്ടെന്ന് ഉറപ്പാണ്. അത്രയ്ക്കും ക്രൂരമായ നടപടിയായിരുന്നു അവിടെ അരങ്ങേറിയത്. അധികാരത്തിന്റെ അഹങ്കാരത്തിൽ ചെയ്തുകൂട്ടുന്ന ക്രൂരകൃത്യങ്ങൾക്കൊടുവിൽ ഒരു ദിവസം നിങ്ങൾക്കും തിരിച്ചടി നേരിടേണ്ടി വരും എന്ന കാര്യം ഓർത്തിട്ടുണ്ടാവില്ല. പിണറായി വിജയൻ സർക്കാരിൻറെ പ്രീതി പിടിച്ചുപറ്റാൻ നടത്തിയ വീരസാഹസത്തിന് വലിയ വില നൽകേണ്ടിവരും. തല്ലുകൊണ്ട് പുളയുന്ന പച്ചയായ മനുഷ്യരുടെ വേദനിക്കുന്ന മുഖം ആരും മറന്നിട്ടുണ്ടാവില്ല. ആർക്കും മറക്കാനുമാവില്ല. അവരുടെ ദയനീയ മുഖം മറക്കാതെ അതിനു പ്രതികാര മെന്നവണ്ണം അന്വേഷണം നടത്താൻ ചങ്കൂറ്റം കാണിച്ച വിഡിഎസ് മന്ത്രിസഭയ്ക്കാണ് ഇന്ന് പൊതുജനങ്ങൾക്കിടയിൽ മുൻതൂക്കം എന്ന് ഉറപ്പിക്കാം.




