Wed May 13, 2026 5:56 pm
FLASH
X
booked.net

തല താഴ്ത്തില്ലെന്ന് ഇറാൻ,ആഗോള സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു

Web Desk May 13, 2026

തല താഴ്ത്തില്ലെന്ന് ഇറാൻ; സമാധാന നിർദ്ദേശങ്ങൾ വെറും ‘മാലിന്യക്കഷ്ണം’ എന്ന് ട്രംപ് വെടിനിർത്തൽ വെന്റിലേറ്ററിൽ

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ച യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഏറ്റവും പുതിയ സമാധാന നിർദേശത്തോടുള്ള ഇറാന്റെ പ്രതികരണം ട്രംപ് തള്ളിയിരിക്കുന്നു. ഏപ്രിൽ 8-ന് താൽക്കാലിക വെടിനിർത്തൽ ആരംഭിച്ച് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് ടെഹ്‌റാൻ ആഗ്രഹിക്കുന്നത്. എന്നാൽ സമാധാനകാലത്ത് ലോകത്തിലെ എണ്ണ, പ്രകൃതിവാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ആദ്യം തുറന്നുകൊടുക്കണമെന്ന് ട്രംപ് നിർബന്ധം പിടിക്കുന്നു. ഇറാനും ട്രംപിനും ആരു മണികെട്ടും?

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാന് നേരെ ആക്രമണം നടത്തിയതിന് മറുപടിയായാണ് ഇറാൻ കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയത്. വെടിനിർത്തൽ കരാർ നിലവിലുണ്ടായിട്ടും ട്രംപ് ഭരണകൂടം ഇറാനിയൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തിയത് പിരിമുറുക്കം വർധിപ്പിച്ചു. അമേരിക്കയും ഇറാനും കപ്പലുകൾ ആക്രമിക്കുന്നതും പിടിച്ചെടുക്കുന്നതും തുടരുകയാണ്. ഇതിനിടെ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളും വീണ്ടും ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇറാൻ മറ്റു ജിസിസി രാജ്യങ്ങളിലേക്ക് ആക്രമണം അഴിച്ചുവിട്ടത് സ്ഥിഗതികൾ കൂടുതൽ വഷളാക്കി.

ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേൽ കനത്ത ആക്രമണവും കരയുദ്ധവും നടത്തുന്ന ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് ടെഹ്‌റാൻ അമേരിക്കയുടെ നിർദേശത്തെ നേരിട്ടത്. ആണവ പദ്ധതിയെക്കുറിച്ചോ പശ്ചിമേഷ്യയിലെ സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയെക്കുറിച്ചോ ഉള്ള ചർച്ചകളിലേക്ക് കടക്കുന്നതിന് മുൻപ്, ആദ്യ ഘട്ടത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിലും ഹോർമുസ് കടലിടുക്കിലെയും ഗൾഫിലെയും ‘‘നാവിക സുരക്ഷ’’ ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇറാൻ ആഗ്രഹിക്കുന്നു. ഈ ഹോർമുസ് കടലിടുക്ക് തന്നെയാണ് ഇറാന്റെ ഏറ്റവും വലിയ തുറുപ്പുചീട്ട്.

ഇറാൻ കൈവശമുള്ള ഏകദേശം 440 കിലോ (970 പൗണ്ട്) സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകണമെന്ന അമേരിക്കയുടെ ആവശ്യത്തെക്കുറിച്ച്, ‘‘ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഒരു ഭാഗം ലഘൂകരിക്കാനും ബാക്കി ഒരു മൂന്നാം രാജ്യത്തേക്ക് മാറ്റാനും’’ ടെഹ്‌റാൻ നിർദേശിച്ചതായി വാൾ സ്ട്രീറ്റ് ജേണലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഈ മൂന്നാം രാജ്യം ഇനി പാകിസ്ഥാൻ എങ്ങാനുമാണോ? അങ്ങനെയൊരു വാർത്തയും നടക്കുന്നുണ്ട്.

2015-ൽ ഒബാമ ഭരണകാലത്ത് ഒപ്പിട്ട ജെ.സി.പി.ഒ.എ കരാർ പ്രകാരം ഇറാന് 3.67 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ 2018-ൽ ട്രംപ് ഈ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി. ഇപ്പോൾ ഇറാന്റെ സമ്പുഷ്ടീകരണം പൂജ്യം ശതമാനമായി കുറയ്ക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.

എന്നാൽ ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്, ഇറാന്റെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളെക്കുറിച്ചാണ്. എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കണം. മരവിപ്പിച്ച വിദേശ ആസ്തികൾ വിട്ടുനൽകണം. ഇറാനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തിൽ, സാമ്പത്തിക സമ്മർദമോ സൈനിക ശക്തിയോ കൊണ്ട് ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കാനാവില്ല. ജയിക്കാൻ കഴിയാത്ത ഒരു യുദ്ധം തീവ്രമാക്കുക, അല്ലെങ്കിൽ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരു വിട്ടുവീഴ്ചയ്ക്ക് തയാറാവുക. ഈ രണ്ട് മോശം ഓപ്ഷനുകൾ മാത്രമേ ഇപ്പോൾ ട്രംപിന് മുന്നിലുള്ളൂ.

ഇന്ധന ഉപയോഗം കുറയ്ക്കാനും വർക്ക് ഫ്രം ഹോം പുനരാരംഭിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചത് മറ്റൊരു ഭീഷണിയാണ്. പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം നീണ്ടുനിൽക്കുന്നത് രാജ്യത്ത് ഇന്ധനവില വർധനവിന് കാരണമായേക്കാം എന്ന ആശങ്കകൾക്കിടയിലാണ് ഈ ആഹ്വാനം. യുഎസ്-ഇറാൻ സ്തംഭനാവസ്ഥ തുടരുന്നതിനിടയിൽ ധനകാര്യ, പെട്രോളിയം മന്ത്രാലയങ്ങളും എണ്ണക്കമ്പനികളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ആഗോള ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ നിലപാടും അനുസരിച്ചായിരിക്കും വിലവർധനവിന്റെ സമയവും തോതും തീരുമാനിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏതായാലും യുദ്ധം ഇങ്ങനെ നീണ്ടുപോയാൽ കാര്യങ്ങൾ വഷളാകും. എണ്ണവില കുതിച്ചുയരും. അനുബന്ധമായി പച്ചക്കറിവിലയും മറ്റു സാധനങ്ങളുടെ വിലയും ഉയരും. ഗ്യാസ് കിട്ടാൻ ഇല്ലാത്തതിനാൽ ഹോട്ടലുകൾ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചു കഴിഞ്ഞു. അവിടെ ട്രംപും ഇറാനും ഒട്ടും അയയാതിരിക്കുമ്പോൾ മുണ്ടു മുറുക്കി ജീവിക്കേണ്ടി വരുന്നത് നമ്മളെപ്പോലെയുള്ള സാധാരണക്കാരാണെന്ന് ചുരുക്കം.

അനീഷ് തകടിയിൽ