കോതമംഗലം: വനപാലകർ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി നഗരംപാറ ഫോറസ്റ്റ് സ്‌സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. പെട്രോൾ ദേഹത്തൊഴിച്ച് ലൈറ്ററും കൈയ്യിൽപിടിച്ച് ജെ.സി.ബിയിൽ കയറിയായിരുന്നു നാടകീയ രംഗങ്ങൾ. പോലീസും ഫയർഫോഴ്‌സും ഇടപെട്ട് അനുനയിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് യുവാവിനെ താഴെയിറക്കിയത്.ഇടുക്കി പഴയരികണ്ടം ഒഴുകുപാറ പുത്തൻപുരയ്ക്കൽ അജീഷ്കുമാർ (സുകു-46) ആണ് വാഹനം വിട്ടുകിട്ടാനായി ആത്മഹത്യഭീഷണിയുമായെത്തിയത്. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ചിലെ ചെമ്പൻകുഴി നഗരംപാറ സ്റ്റേഷൻ വളപ്പിലാണ് സംഭവം . തന്റെ ജീവനോപാധിയായ ജെ.സി.ബി. വനം അധികൃതർ അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് അജീഷ് ജെസിബിക്കുള്ളിൽ കയറി ശരീരത്തിൽ പെട്രോളൊഴിച്ച് പ്രതിഷേധിച്ചത്.
2020ൽ പാഴ്മരങ്ങൾ പിഴുതുമാറ്റിയതിനാണ് വനംവകുപ്പ് വാഹനം കസ്റ്റഡിയിലെടുത്തത്. 500 രൂപ പിഴ ചുമത്തിയ കേസിന് 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വാഹനം വർഷങ്ങളായി വിട്ടുനൽകാതെ അധികൃതർ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നാണ് അജീഷിന്റെ ആരോപണം. പത്തോളം സുഹൃത്തുക്കൾക്കൊപ്പമാണ് അജീഷ് സ്റ്റേഷനിൽ എത്തിയത്.ജെസിബിയിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയ സംഭവം അറിഞ്ഞതോടെ ആളുകളും തടിച്ചുകൂടി. ഫയർ ഫോഴ്സും പോലീസും പഞ്ചായത്ത് അധികൃതരും എത്തി മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ ഉച്ചക്ക് ശേഷം 2.45 ഓടെയാണ് ഇയാൾ വാഹനത്തിൽ ഇറങ്ങാൻ തയ്യാറായത്. അടുത്ത ചൊവ്വാഴ്‌ച രാവിലെ 11-ന് നഗരംപാറ സ്റ്റേഷനിൽ വച്ച് മൂന്നാർ ഡിഎഫ്ഒയുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചു.
അതേസമയം വിഷയത്തിൽ വനം വകുപ്പിന്റെ വിശദീകരണം ഇങ്ങനെയാണ്. കൈവശ വനഭൂമിയിൽനിന്ന് മണ്ണെടുക്കുകയും മരങ്ങൾ നീക്ക ചെയ്യുകയും ചെയ്‌തതിനാണ് കേസെടുത്തത്. നിയമലംഘനത്തിനാണ് ജെ.സി.ബി. കസ്റ്റഡിയിലെടുത്തതെന്നും അധികൃതർ പറയുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് വാഹനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമാണ് വിശദീകരണം.


