കൊച്ചി : കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ്ണ ദേവിയെ കണ്ട് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിനുള്ള കേന്ദ്ര സഹായം ഉറപ്പാക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. വകുപ്പിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങുന്ന മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിക്ക് കൊച്ചിയിൽ വച്ച് കൈമാറി. വനിതാ-ശിശുവികസന വകുപ്പിന് ലഭിക്കേണ്ട കുടിശികയുള്ള കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കണം എന്നും മന്ത്രി ആവശ്യപെട്ടു. സംസ്ഥാനത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള രണ്ടാം ഗഡുഫണ്ട് ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. 40.8 കോടി രൂപയാണ് SASCI 2025 സ്കീമിൽ സംസ്ഥാനത്തിന് ലഭ്യമാകേണ്ടത്. ചെറുതോണി, മാവേലിക്കര, പാണ്ടനാട്, വാഴത്തോപ്പ്, മട്ടന്നൂർ, കോഴിക്കോട്, കോട്ടയം, റാന്നി, മുളങ്കുന്നത്തുകാവ്, ബാലരാമപുരം എന്നിവിടങ്ങളിലായി 10 ഇടങ്ങളിൽ ആണ് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മാണം നടക്കുന്നത്.
പോഷൻ അഭിയാൻ 2.0 യുടെ ഭാഗമായി 98.04 കോടി രൂപ ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സ്മാർട്ട് ഡിവൈസുകളും, ഗ്രോത്ത് മോണിറ്ററിംഗ് ഡിവൈസുകളും സംസ്ഥാനത്തിന് ആവശ്യമാണെന്ന് അറിയിച്ചു. പോഷൻ ട്രാക്കർ ഉപയോഗിക്കാൻ മൊബൈൽ ഫോണുകൾക്ക് പകരം ടാബ്ലറ്റുകൾ വേണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന മിഷൻ വാത്സല്യയ്ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടു. പൂർണ്ണമായും കേന്ദ്രഫണ്ട് ഉപയോഗിക്കുന്നതിനാൽ മുടക്കം വരാതെ തുക ലഭ്യമാക്കണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടു.
സ്പോൺസർഷിപ്പ്, ഫോസ്റ്റർ കെയർ ആൻഡ് ആഫ്റ്റർ കെയർ എന്നിവയിലൂടെ അർഹരായ കുട്ടികൾക്ക് മാസംതോറും 4,000 രൂപ നൽകി വരുന്നുണ്ട്. എന്നാൽ 2025 ജൂലൈയ്ക്ക് ശേഷം കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. മുടക്കം വന്ന തുകയും തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി ഫണ്ടും അനുവദിക്കണമെന്നും ആവശ്യം അറിയിച്ചു. കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ശക്തി സദൻ ഏറ്റെടുക്കാൻ വേണ്ട 2.87 കോടി രൂപ വേണമെന്ന ആവശ്യം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിയെ അറിയിച്ചു.
എറണാകുളത്തും, കോഴിക്കോടും പുതിയ നിർഭയ വൺ സ്റ്റോപ്പ് സെന്ററുകൾ തുടങ്ങാൻ തുക ആവശ്യമാണ്. അങ്കണവാടി ജീവനക്കാരുടെ മാസംതോറും ഉള്ള റിവ്യൂ യോഗങ്ങൾക്ക് പങ്കെടുക്കാൻ വേണ്ട ദിനബത്ത അനുവദിക്കണം. വനിത ഹെൽപ്പ് ലൈൻ 181ന്റെ പ്രവർത്തനം ആധുനികവൽക്കരിക്കാനും ശക്തമാക്കാനും സഹായം ഉറപ്പാക്കണം എന്നും ആവശ്യം അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അന്നപൂർണ്ണ ദേവി മന്ത്രി ബിന്ദു കൃഷ്ണയെ അറിയിച്ചു.


