Thu Jun 11, 2026 1:10 am
FLASH
X
booked.net

അറിയേണ്ടതും ആചരിക്കേണ്ടതും – ഭാഗം – 1

EDITORIAL June 10, 2026

എസ് ശ്രീകുമാർ

ഓരോ ദിവസവും നമ്മുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ വിസ്മൃതമാവുന്ന ചില കാര്യങ്ങൾ ഒരല്പം വിഷമത്തോടെ നാം ഓർക്കാത്തെടുക്കാറുണ്ട്.അവശ്യം നാം അറിഞ്ഞിരിക്കേണ്ട സംഗതികളിൽ ചിലതാവും വിട്ടുപോവുക.എന്നാൽ പരിമിതികളുടെ പഴയ ലോകമല്ല ഇന്നിന്റെ ഭുമികയിൽ കാണാനാവുക.നിർമ്മിതബുദ്ധിയും ചാറ്റ്ജിപിറ്റിയും കവർന്നെടുത്ത ,സാമുഹ്യമാദ്ധ്യമങ്ങളിൽ തഴുകിയുറങ്ങുന്ന ആധുനികതയുടെ നടുവിലാണ് വർത്തമാന ലോകം .ഇവിടെയാണ് സ്മൃതി മണ്ഡലത്തിനു പരുവപ്പെടുന്ന രീതിയിൽ കാര്യങ്ങൾ സുക്ഷിക്കേണ്ടതും പ്രായോഗിക തലത്തിൽ അവ കൊണ്ടു വരേണ്ടതിന്റെയും പ്രസക്തി. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും പ്രാധാന്യമുള്ള ഒട്ടേറെ ദിനങ്ങളാണ് ഒരു കലണ്ടർ വർഷത്തിൽ ആചരിക്കപ്പെടാൻ അടയാളപ്പെടുത്തിയിരിക്കുന്നത്.അവയിൽ പലതും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന്റെ നേർക്കണ്ണാടികളാണ്.അടിയന്തരമായി അവയൊന്നൊന്നായി ,മുൻകൂറായി അവലോകനം ചെയ്യേണ്ടതും കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതും സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗം കൂടിയാണ്. ജുൺ 5നു കടന്നുപോയത് ഒരു പ്രമുഖ ദിനമാണ്; ലോകപരിസ്ഥിതി ദിനം.അതുപോലെ ജുൺ 7നു ലോക ഭക്ഷ്യസുരക്ഷാദിനം.മരങ്ങൾ നട്ടും മാലിന്യങ്ങൾ നീക്കിയും ഭക്ഷ്യസുരക്ഷയെപ്പറ്റി ബോധവാൻമാരാക്കിയും ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയുള്ള സർക്കാരിന്റെ സമയോചിത ഇടപെടലുകളും ഒക്കെ ആ വിശേഷദിനങ്ങളിൽ നാം കണ്ടതാണ്.

വരാനിരിക്കുന്ന പ്രാധാന്യമേറെയുള്ള മറ്റൊരു ദിവസമാണ് ലോക രക്തദാനദിനം.അതായത്, ഞായറാഴ്ച ജുൺ 14ന് .അടിയന്തര ഘട്ടങ്ങളിൽ രക്തം നൽകിയാൽ മാത്രം പോരാ,പ്രതിദിനം അതു തുടരണം എന്ന സന്ദേശമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.വരികൾക്കിടയിലൂടെ വായിച്ചെടുത്താൽ മനസ്സിലാവും,ശസ്ത്രക്രിയ,കാൻസർ ചികിത്സ,പ്രസവ സങ്കീർണതകൾ,ട്രോമ കെയർ ഇവയ്ക്കൊക്കെ രക്തം ദിവസവും വേണ്ടി വന്നേക്കാം. വെളിപ്പെടുത്തിയില്ലെങ്കിലും തനിക്കു രക്തം നൽകാനാവുമോ എന്നു സ്വയം സംശയിക്കുന്ന ചിലരുണ്ട്.പ്രായം 18 നും 65 നും ഇടയിലും,കുറഞ്ഞ തൂക്കം 45 കിലോഗ്രാമെങ്കിലും വേണം എന്നേയുള്ളൂ.അസുഖങ്ങളോ അണുബാധയോ ഇല്ലാത്ത ആരോഗ്യമുള്ള ശരീരമാവണം.ഒരു ഭിഷഗ്വരന്റെ നിർദ്ദേശം നന്ന്.ഐക്യരാഷ്ട്രസഭയുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇതേപ്പറ്റി വിശദമാക്കുന്നുണ്ട്.ദാതാവും സ്വീകർത്താവും പരസ്പരം സുരക്ഷിതരാണോ എന്നു വിലയിുരുത്തി ആത്മ പരിശോധന നടത്തേണ്ടതും അനിവാര്യം. രക്തദാനത്തോടെ തങ്ങളുടെ രക്തം കുറഞ്ഞുപോകും എന്നു കരുതുന്നവരും ഇല്ലാതില്ല. നൽകിയ രക്തം ചുരുങ്ങിയ ഇടവേളകൾക്കുള്ളിൽ , എതാണ്ട് 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ വരുമെന്നു തിരിച്ചറിയുക.രക്തം സ്ഥിരമായി നൽകുന്നവർ അതു തുടരുക;അടിയന്തര ശുശ്രുഷയിൽ ജിവനു താങ്ങും തണലുമായി.

ജുൺ 19 എന്ന നാൾ മലയാളികളുടെ അഭിമാനദിനം കൂടിയാണ്.അജ്ഞതയുടെ അന്ധകാരത്തിൽ നിന്നു വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരണമെങ്കിൽ നാം വായിക്കണം.നമുക്കു വേണ്ടി മാത്രമല്ല,സമുഹത്തിനു ദിശാബോധം വളർത്താൻ വായന അത്യന്താപേക്ഷിതമാണ്.ഭാരതത്തിൽ തന്നെ അതിനു നാന്ദി കുറിച്ചത് ശ്രീ.പി.എൻ.പണിക്കർ ആയിരുന്നെന്ന് ഓരോ കേരളീയനും അറിയേണ്ടതാണ്.ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കമിട്ടുകൊണ്ടാണ് ആ മഹാനുഭാവൻ വായനയുടെ വാതായനങ്ങൾ ഏവർക്കും തുറന്നു നൽകിയത്.കേരള സർക്കാർ തുടക്കമിട്ട ആ വായനാദിനം(ജുൺ 19) പിന്നീട് 2017ൽ ദേശീയ അംഗീകാരത്തോടെ ദേശീയ വായനാദിനമാവുകയായിരുന്നു.ശ്രീ.പി.എൻ.പണിക്കരുടെ ചരമദിനമാണ് ഈ വിശേഷദിനം.

നമ്മുടെ സ്കുൂളുകളിൽ ജുൺ 19 മുതലുള്ള ഒരു മുഴുവാരം തന്നെ വായനയുടെ നാളുകളായി ആചരിക്കുന്നുണ്ട് .ഇ -റീഡിംഗ് ക്ളബ്ബൂകൾ പ്രചരിപ്പിക്കാനും വിദ്യാർത്ഥികളിൽ വായന പരിപോഷിപ്പിക്കാനും പ്രയോജനപ്പെടുന്ന രീതിയിലാണവ.പാഠപുസ്തകങ്ങളിൽ മാത്രം വായനയൊതുങ്ങാതെ കുട്ടിയെ വിശാലമായ വായനയുടെ ലോകത്തു കൂട്ടി കൊണ്ടുപോയി ചിന്താശക്തി വർദ്ധിപ്പിക്കേണ്ടതിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കേണ്ടതിനും മുൻകൈ എടുക്കേണ്ടത് അധ്യാപരും രക്ഷാകർത്താക്കളുമാണ്.ഏതായാലും തെറ്റും ശരിയും തിരിച്ചറിഞ്ഞ് ഉണർവിന്റെ ഉല്ലാസതലങ്ങളിലേക്കാണ് വായന നമ്മെ കൈപിടിച്ചുയർത്തുന്നത്.

വിദ്യാലയങ്ങളിൽ വായനാവാരം ആചരിക്കുന്നതിനിടെ വന്നു ചേരുന്ന മറ്റൊരു വിശേഷദിനമാണ് ജുൺ 21ന്;ലോകസംഗീതദിനം.ദൈവികത തുളുമ്പുന്ന മാസ്കരികലോകമാണ് സംഗീതം;സ്വർഗ്ഗതുല്യമായ സ്വരലോകം.സംഗീതജ്ഞരും സംഗീതപ്രേമികളും കൈകൾ കോർത്തു ലോകത്ത് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സംഗീതപ്പെരുമഴ പെയ്യിക്കുകയാണ് അക്ഷരാർത്ഥത്തിൽ ആ ദിനത്തിൽ. പിരിമുറക്കം നിറഞ്ഞ സമകാലിക ചുറ്റുപാടുകളിൽ ജീവിക്കുന്ന മനുഷ്യന് ആസ്വാദകരമായ അനുഭൂതിയാണ് സംഗീതം പകർന്നു നൽകുന്നത്.നമ്മുടെ നാടോടി സംഗീതത്തിൽ തുടങ്ങി ,പോപ് സംഗീതം വരെ വ്യാപരിച്ചിരിക്കുന്ന ഈണങ്ങൾ മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ ഇറങ്ങി വിഹ്വലതകൾ ഇല്ലാതാക്കുന്നു. കടൽ കടന്നു സുനാമി വന്നപ്പോഴും തരളിതയായ ഭൂമി ഉരുൾപൊട്ടലായി പിറവിയെടുത്തപ്പോഴും സാന്ത്വന സ്പർശമായി സംഗീതമൊഴുകിയെത്തുകയായിരുന്നു.

സംഗീതം അഭ്യസിക്കാനും ആസ്വദിക്കാനും പ്രായമില്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ലോകസംഗീതദിനം. ജുൺ 21നു തന്നെ മറ്റു രണ്ടു പ്രത്യേകതകൾ കൂടിയുണ്ട്;അന്താരാഷ്ട്ര യോഗ ദിനവും ലോകപിതൃദിനവും അന്നാണ്.രണ്ടിന്റെയും പ്രസക്തി പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇഴപിരിക്കാനാവാത്ത ബന്ധമാണ് സംഗീതവും യോഗയും തമ്മിലുള്ളത്.മനസ്സും ആരോഗ്യവും ഇണചേർന്നു നിൽക്കാനാണ് രണ്ടും നമ്മെ പഠിപ്പിക്കുന്നത്.ചുരുക്കത്തിൽ ദിനാചരണങ്ങളുടെ പ്രസക്തിയും പരിമാണവും അതുൾക്കൊള്ളാനുള്ള ഗൗരവത്തിന്റെയും പ്രാവർത്തികമാക്കാനുള്ള സന്നദ്ധതയുടെയും സമന്വയമാണ്.